4 ജില്ലകളിൽ വൈദ്യുതി മുടങ്ങാൻ സാധ്യത; കെഎസ്ഇബി മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ അടുത്ത ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ടെന്ന് Kerala State Electricity Board (KSEB) അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പവർ ഗ്രിഡ് കോർപ്പറേഷന്റെ കോഴിക്കോട് 400 കെ.വി സബ്സ്റ്റേഷനിലെ ട്രാൻസ്ഫോർമർ തകരാറാണ് വൈദ്യുതി തടസത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതിനെ തുടർന്ന് വിവിധ മേഖലകളിൽ ലോഡ് നിയന്ത്രണവും ഇടയ്ക്കിടെ വൈദ്യുതി മുടക്കവും ഉണ്ടാകാനിടയുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
പ്രശ്നം പരിഹരിക്കുന്നതിനായി അടിയന്തര അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്നും സാധാരണ നില പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്നും KSEB അറിയിച്ചു. അതുവരെ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
വൈദ്യുതി മുടക്കം ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, ചെറുകിട വ്യവസായങ്ങൾ, വിദ്യാർത്ഥികൾ എന്നിവരെ ബാധിക്കാനിടയുള്ളതിനാൽ ജനങ്ങളിൽ ആശങ്ക ഉയരുന്നുണ്ട്. പ്രത്യേകിച്ച് ചൂട് ശക്തമായ സാഹചര്യത്തിൽ വൈദ്യുതി തടസം കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.
പ്രദേശങ്ങളിലെ വൈദ്യുതി വിതരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട സെക്ഷൻ ഓഫീസുകളിൽ നിന്നും അറിയാമെന്നും അധികൃതർ അറിയിച്ചു.



