മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു; കോൺഗ്രസിനോട് അതൃപ്തിയുമായി മുസ്ലിം ലീഗ്, പാണക്കാട്ട് അടിയന്തര യോഗം നാളെ

മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചിട്ടും കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ അനിശ്ചിതമായി നീളുന്നതിൽ മുസ്ലിം ലീഗിൽ അതൃപ്തി ശക്തമാകുന്നു. വിഷയത്തിൽ ചർച്ച ചെയ്യാൻ നാളെ രാവിലെ 10 മണിക്ക് പാണക്കാട്ട് അടിയന്തര നേതൃയോഗം ചേരും.
വിജയത്തിന്റെ ശോഭ കെടുത്തുന്ന രീതിയിൽ ചർച്ചകൾ നീണ്ടുപോകുന്നത് മുന്നണിക്ക് ദോഷകരമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാത്തതിലുള്ള അമർഷം കോൺഗ്രസ് നേതൃത്വത്തെ അറിയിക്കാനും യോഗത്തിൽ തീരുമാനം ഉണ്ടാകും.
കോൺഗ്രസ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയാൽ ഉടൻ സ്വീകരിക്കേണ്ട തുടർനടപടികൾ സംബന്ധിച്ചും ചർച്ച നടക്കും. ലീഗ് മന്ത്രിമാരുടെ കാര്യവും വകുപ്പുവിഭജനവുമായി ബന്ധപ്പെട്ട പ്രാഥമിക ധാരണകളും യോഗത്തിൽ പരിഗണിക്കും.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. എഐസിസി നിരീക്ഷകർ കേരളത്തിലെത്തിയപ്പോഴേ ലീഗ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നുവെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഹൈക്കമാൻഡ് തീരുമാനം വൈകുന്നത് അണികളിൽ നിരാശ വർധിപ്പിക്കുന്നുവെന്നാണ് ലീഗ് വിലയിരുത്തൽ. മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി. അബ്ദുൾഹമീദ് ഉൾപ്പെടെയുള്ള നേതാക്കൾ പരസ്യ വിമർശനവുമായി രംഗത്തെത്തിയതും പാർട്ടി ഗൗരവത്തോടെ കാണുന്നുണ്ട്.
മുഖ്യമന്ത്രിയെ തീരുമാനിച്ച ശേഷം മന്ത്രിസഭാ രൂപീകരണ ചർച്ചകളിലും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാനാണ് മുസ്ലിം ലീഗ് നീക്കം.



