കേരള മുഖ്യമന്ത്രി നിർണ്ണയം: പാർട്ടിക്കുള്ളിലെ പ്രതിഷേധങ്ങളിൽ അതൃപ്തി; അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കമാൻഡ്

ഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അരങ്ങേറുന്ന പരസ്യപ്രകടനങ്ങളും ചേരിതിരിഞ്ഞുള്ള പ്രതിഷേധങ്ങളും കോൺഗ്രസ് ഹൈക്കമാൻഡിൽ അതൃപ്തി സൃഷ്ടിച്ചു. വിജയത്തിന്റെ ശോഭ കെടുത്തുന്ന രീതിയിൽ പ്രവർത്തകർ തെരുവിലിറങ്ങുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ ദേശീയ നേതൃത്വം അന്വേഷണം ആരംഭിച്ചതായാണ് വിവരം.

ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കുകയും ഗ്രൂപ്പ് തിരിഞ്ഞ് പ്രകടനങ്ങൾ നടത്തുകയും ചെയ്യുന്ന നടപടികൾ പാർട്ടിയുടെ അച്ചടക്കത്തിന് വിരുദ്ധമാണെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ.

ഇതിനിടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ സംബന്ധിച്ച അന്തിമ തീരുമാനം വൈകുന്ന സാഹചര്യത്തിൽ കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് ചർച്ചകൾ ശക്തമാക്കി. വി.എം. സുധീരനുമായി ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം നേരിട്ടുള്ള കൂടിക്കാഴ്ച നടത്തുമെന്ന് സൂചനയുണ്ട്. കൂടാതെ എ.കെ. ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടേയും അഭിപ്രായങ്ങൾ ഫോൺ വഴി തേടും.

സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും കേരളത്തിലെ നേതാക്കളുമായി പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും പരിഗണനയിൽ ഉള്ളത്.

എന്നാൽ, ഇവരിൽ ആരെ മുഖ്യമന്ത്രിയാക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താൻ ഇതുവരെ നേതൃത്വം കഴിഞ്ഞിട്ടില്ല. ഓരോ വിഭാഗവും തങ്ങളുടെ നേതാവിനായി സമ്മർദ്ദം ശക്തമാക്കുന്നതോടെ ഹൈക്കമാൻഡിന് മുന്നിൽ തീരുമാനം കൂടുതൽ സങ്കീർണ്ണമാകുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button