ബംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി സ്‌ഫോടകവസ്‌തു കണ്ടെത്തി; സുരക്ഷാ ഭീഷണി സംശയത്തിൽ അന്വേഷണം ശക്തം

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗളൂരു സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനയ്ക്കിടെ സ്‌ഫോടകവസ്‌തു കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

കനകപുര റോഡിലെ ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ ആശ്രമംൽ നടന്ന 45-ാം വാർഷിക പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കാനായി സഞ്ചരിക്കാനിരുന്ന വഴിയിലാണ് സംശയാസ്പദ വസ്തുക്കൾ കണ്ടെത്തിയത്. പൊലീസ് നടത്തിയ റൂട്ട് സാനിറ്റൈസേഷൻ പരിശോധനയ്ക്കിടെ കാർഡ്ബോർഡ് പെട്ടിയിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

ബാറ്ററികൾ, വയറുകൾ, സർക്യൂട്ടിനോട് സാമ്യമുള്ള ഉപകരണങ്ങൾ എന്നിവയും കണ്ടെത്തിയതോടെ ഐഇഡി ബോംബ് രൂപീകരിക്കാൻ ശ്രമം നടന്നിരിക്കാമെന്ന സംശയം ശക്തമായി. എന്നാൽ കണ്ടെത്തിയ വസ്തുക്കൾ ഉടൻ പൊട്ടിത്തെറിക്കാവുന്ന നിലയിലായിരുന്നില്ലെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു.

പ്രധാനമന്ത്രിയുടെ പരിപാടി തടസ്സപ്പെടുത്തുകയോ ഭീതി സൃഷ്ടിക്കുകയോ ചെയ്യാനുള്ള ലക്ഷ്യമുണ്ടായിരിക്കാമെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവദിവസം കൊരമംഗല പൊലീസ് സ്റ്റേഷനിലേക്ക് എച്ച്എഎൽ വിമാനത്താവളത്തെയും ആശ്രമത്തെയും ലക്ഷ്യമിട്ട് സ്‌ഫോടന ഭീഷണി വന്നതായും വിവരം ലഭിച്ചിട്ടുണ്ട്.

ഭീഷണി സന്ദേശം നൽകിയ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും, ഇയാളും കണ്ടെത്തിയ സ്‌ഫോടകവസ്തുക്കളും തമ്മിൽ നേരിട്ടുള്ള ബന്ധം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കർണാടക പൊലീസിനൊപ്പം നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയും കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തുന്നു. ഇതുവരെ തീവ്രവാദ ബന്ധം തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button