‘മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ് ആരെയാണ് ഭയക്കുന്നത്? ആരോപണവുമായി കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത് ജമാഅത്തെ ഇസ്ലാമിയെയും മുസ്ലിം ലീഗിനെയും ഭയന്നാണെന്ന ആരോപണവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
“63 എംഎൽഎമാരും മൂന്ന് സ്വതന്ത്രരുമടക്കം 66 പേർ ഉണ്ടായിട്ടും മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ കോൺഗ്രസ് മടിക്കുകയാണ്. ഇതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും സൃഷ്ടിക്കുന്ന സമ്മർദ്ദമാണ്” എന്ന് സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയായി ആരെ പ്രഖ്യാപിച്ചാലും കരിപ്പൂരിൽ വിമാനമിറങ്ങി ആദ്യ സന്ദർശനം പാണക്കാട് തറവാട്ടിലായിരിക്കും എന്നുറപ്പാണെന്നും അദ്ദേഹം കുറിച്ചു.
വോട്ടു ചെയ്ത മതേതര ഭൂരിപക്ഷവും ന്യൂനപക്ഷവും അടുത്ത അഞ്ച് വർഷവും ഇതിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്നും കെ. സുരേന്ദ്രൻ വിമർശനത്തിൽ വ്യക്തമാക്കി.
ഇതിനിടെ കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോൺഗ്രസ് ആഭ്യന്തര ചർച്ചകൾ തുടരുകയാണ്. ഹൈക്കമാൻഡ് മുൻ കെപിസിസി അധ്യക്ഷന്മാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി നിർണായക കൂടിക്കാഴ്ചകൾ നടത്തും.
റിപ്പോർട്ടുകൾ പ്രകാരം തിരുവഞ്ചൂർ രാധാകൃഷ്ണൻ, കൊടിക്കുന്നിൽ സുരേഷ്, ടി. സിദ്ദിഖ് എന്നിവർ കെസി വേണുഗോപാലിനെ അനുകൂലിക്കുന്ന നിലപാടിലാണ്. കെ. മുരളീധരനും വി.എസ്. സുധീരനും ജനവികാരം പരിഗണിച്ച് വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് അഭിപ്രായപ്പെടുന്നു.
എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ പേരുകൾ പരാമർശിക്കാതെ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നാണ് സൂചന. കെ. സുധാകരൻ എംഎൽഎമാരുടെ അഭിപ്രായം പരിഗണിക്കണമെന്ന നിലപാട് ആവർത്തിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകാമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന.



