സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ടിവികെ പാളയത്തിൽ; വിജയ്‌യുടെ നീക്കങ്ങൾ ഫലിക്കുന്നു

ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കറായി ടിവികെയിലെ ജെ.സി.ഡി. പ്രഭാകർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പ്രോ-ടെം സ്പീക്കർ എം.വി. കറുപ്പയ്യയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വിജയ്, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ എന്നിവർ ചേർന്നാണ് പുതിയ സ്പീക്കറെ സഭാ അധ്യക്ഷ സ്ഥാനത്തേക്ക് ആനയിച്ചത്. തുടർന്ന് നടന്ന ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിൽ ടിവികെ എംഎൽഎ എം. രവിശങ്കറും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ദീർഘകാല രാഷ്ട്രീയ പരിചയമുള്ള നേതാവാണ് ജെ.സി.ഡി. പ്രഭാകർ. നിലവിൽ ചെന്നൈ തൗസൻഡ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ ഇദ്ദേഹം, ഡിഎംകെ സ്ഥാനാർത്ഥി ഡോ. എഴിലൻ നാഗനാഥനെ ഏകദേശം 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.

എം.ജി.ആറിന്റെ കാലഘട്ടത്തിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച പ്രഭാകർ 1980ൽ വില്ലിവാക്കത്ത് നിന്നാണ് ആദ്യമായി എഐഎഡിഎംകെ ടിക്കറ്റിൽ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് ജയലളിതയുടെ കാലത്തും പാർട്ടി സംഘടനാ രംഗത്തും ഭരണ സംവിധാനങ്ങളിലും സജീവമായിരുന്ന അദ്ദേഹം, വിവിധ സർക്കാരുകളുടെ ഉയർച്ചയും താഴ്ചയും നേരിട്ട് അനുഭവിച്ച പരിചയസമ്പന്നനായ നേതാവാണ്.

2026 ജനുവരിയിലാണ് അദ്ദേഹം എഐഎഡിഎംകെ വിട്ട് ടിവികെയിൽ ചേർന്നത്. ഭരണപരിചയമില്ലാത്ത പുതിയ പാർട്ടി അധികാരത്തിലെത്തുന്ന സാഹചര്യത്തിൽ നിയമസഭയ്ക്കുള്ളിൽ പ്രതിപക്ഷ ചോദ്യങ്ങൾക്കും ആക്രമണങ്ങൾക്കും മറുപടി നൽകാൻ പരിചയസമ്പന്നനായ നേതാവിന്റെ സാന്നിധ്യം ആവശ്യമാണ് എന്ന വിലയിരുത്തലാണ് ഈ നിയമനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

നിയമസഭാ ചട്ടങ്ങളും നടപടിക്രമങ്ങളും ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ കഴിയുന്ന പ്രഭാകറിന്റെ സാന്നിധ്യം സഭാ പ്രവർത്തനങ്ങൾക്ക് വലിയ കരുത്താകുമെന്നാണ് ടിവികെയുടെ പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button