മുഖ്യമന്ത്രി തർക്കം തുടരുന്നു; കോൺഗ്രസിനെതിരെ സമസ്ത മുഖപത്രം സുപ്രഭാതത്തിന്റെ രൂക്ഷ വിമർശനം

കോഴിക്കോട്: 102 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിച്ചിട്ടും കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം തുടരുന്നതിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സമസ്തയുടെ മുഖപത്രമായ സുപ്രഭാതം. കോൺഗ്രസിന് ജയിപ്പിച്ചുവിട്ടവരോടുള്ള പ്രതിബദ്ധതയില്ലെന്നും പാർട്ടിക്കുള്ളിലെ തർക്കങ്ങൾ തീർക്കാൻ കഴിയുന്ന ശക്തമായ നേതൃത്വം ഇല്ലെന്നും പത്രം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ ഉണ്ടായിരിക്കുന്ന കാലതാമസം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കേന്ദ്ര നേതൃത്വത്തിന്റെ കഴിവില്ലായ്മയാണ് ഇതിന് കാരണമെന്നും സുപ്രഭാതം അഭിപ്രായപ്പെട്ടു. ഭരണമാറ്റത്തിന് വോട്ട് ചെയ്ത ജനങ്ങളെ കോൺഗ്രസ് പരിഹസിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖപത്രം വിമർശിച്ചു.

നേതാക്കളെ ബോധ്യപ്പെടുത്താൻ കഴിയാത്ത നേതൃത്വമാണോ, അതോ നേതൃത്വത്തിന് വഴങ്ങാത്ത നേതാക്കളാണോ പ്രശ്നമെന്ന ചോദ്യവും പത്രം ഉയർത്തുന്നു. സംസ്ഥാനത്ത് മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ എട്ടു ദിവസമായിട്ടും കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.

ഈ വിഷയത്തിൽ ഘടകകക്ഷികളിലും അസന്തോഷം ഉയർന്നുവരികയാണ്. നേതൃനിർണ്ണയ ചർച്ചകളുടെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവർ തമ്മിൽ ചർച്ചകൾ നടന്നിരുന്നു. ലീഗിന്റെ നിലപാടും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യവും പ്രിയങ്കയും രാഹുലും തമ്മിലുള്ള സംഭാഷണത്തിൽ ചർച്ചയായതായാണ് വിവരം.

അവസാന ഘട്ട ചർച്ചകളിൽ കെ. സി. വേണുഗോപാലിനാണ് മുൻതൂക്കം ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അദ്ദേഹത്തിന് അൻപതിലേറെ എംഎൽഎമാരുടെ പിന്തുണയുണ്ടെന്നും, വി. ഡി. സതീശനും രമേശ് ചെന്നിത്തലയ്ക്കും ഒറ്റയക്കത്തിലുള്ള പിന്തുണ മാത്രമാണെന്നും രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലിൽ പറയുന്നു.

ജനപ്രതിനിധികളുടെ പിന്തുണക്കപ്പുറം മറ്റ് ഘടകങ്ങൾ ഇപ്പോൾ ഹൈക്കമാൻഡ് പരിഗണിക്കുന്നില്ലെന്നാണ് സൂചന. ബുധനാഴ്ചയോടെ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിക്കാമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button