അണ്ണാദുരൈയുടെ ചിത്രം മാത്രം; അധികാരമേറ്റ് പിന്നാലെ സ്വന്തം ശൈലി വ്യക്തമാക്കി വിജയ്

ചെന്നൈ: സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ അദ്ദേഹത്തിന്റെ ഓഫീസിൽ സ്ഥാപിച്ചിരുന്ന സി എൻ അണ്ണാദുരൈയുടെ ചിത്രം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. അണ്ണാദുരൈയെ കുറിച്ചുള്ള വിജയ്യുടെ പരാമർശങ്ങൾ മുൻപ് തന്നെ ഡിഎംകെയെയും എഐഎഡിഎംകെയെയും ചൊടിപ്പിച്ചിരുന്നു. “അണ്ണാദുരൈ ആരുടേയും സ്വകാര്യ സ്വത്തല്ല, മുഴുവൻ തമിഴ്നാടിന്റെയും നേതാവാണ്” എന്നായിരുന്നു വിജയ് നൽകിയ മറുപടി.
തമിഴ്നാട്ടിൽ ആറു പതിറ്റാണ്ടിലേറെയായി തുടർന്നിരുന്ന ദ്രാവിഡ പാർട്ടികളുടെ ഭരണത്തിന് വിരാമമിട്ടാണ് ടിവികെ അധ്യക്ഷൻ വിജയ് അധികാരത്തിലെത്തിയത്. നെഹ്റു സ്റ്റേഡിയംയിൽ നടന്ന ചടങ്ങിൽ രാജേന്ദ്ര ആർലേക്കർ വിജയിനും ഒമ്പത് മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
സർക്കാരിന്റെ “ചില്ലിക്കാശിൽ പോലും തൊടില്ല”െന്നും അഴിമതിക്കാരെ വെറുതെ വിടില്ലെന്നും അധികാരമേറ്റതിന് പിന്നാലെ വിജയ് പ്രഖ്യാപിച്ചു. പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നാളെ നടക്കും.
മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ലാൻഡ് റോവർ ഡിഫൻഡറിൽ യാത്ര ചെയ്തിരുന്നതിൽ നിന്ന് വ്യത്യസ്തമായി വിജയ് സർക്കാർ കാറിലാണ് സെക്രട്ടേറിയറ്റിലെത്തിയത്. ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി അദ്ദേഹം ചുമതലയേറ്റെടുത്തു.
തുടർന്ന് പെരിയാർ സ്മാരകം സന്ദർശിച്ച വിജയ് ചെരുപ്പ് പുറത്തൂരി വെച്ചാണ് അകത്ത് പ്രവേശിച്ചത്. രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചിരുന്ന അദ്ദേഹം ചെന്നൈയിലെ പെരമ്പൂർ മണ്ഡലം നിലനിർത്തി തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലം ഒഴിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ച് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിന് “കേന്ദ്രത്തിന്റെ സഹകരണം പ്രതീക്ഷിക്കുന്നു” എന്നായിരുന്നു വിജയ് നൽകിയ മറുപടി. കേന്ദ്രസർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന രാഷ്ട്രീയ സൂചനയായും ഇത് വിലയിരുത്തപ്പെടുന്നു.
നാളെ ആരംഭിക്കുന്ന തമിഴ്നാട് നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക.



