പ്രതിപക്ഷ നേതൃസ്ഥാനത്തിൽ സിപിഎമ്മിൽ ചർച്ച ശക്തം; പിബി ഇടപെടൽ സൂചനയായി എംഎ ബേബി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിൽ സിപിഎം പൊളിറ്റ് ബ്യൂറോയുടെ കൂടി ഇടപെടൽ ഉണ്ടാകുമെന്ന സൂചന നൽകി പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി. വിഷയം പിബി ചർച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.
പ്രതിപക്ഷ നേതൃസ്ഥാനത്ത് പിണറായി വിജയൻ തന്നെ തുടരട്ടെയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷ വികാരം. എന്നാൽ ജനറൽ സെക്രട്ടറി എംഎ ബേബിക്കും കേന്ദ്ര നേതൃത്വത്തിനും വ്യത്യസ്തമായ സമീപനമുണ്ടോ എന്ന ചർച്ചകളും സജീവമാകുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പിണറായിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നില്ലെന്ന നിലപാട് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നതും ശ്രദ്ധേയമാണ്.
പാർട്ടിയിൽ നേതൃത്വമാറ്റം വേണമെന്ന അഭിപ്രായം ചില കേന്ദ്ര നേതാക്കൾക്കുണ്ടെന്നാണ് സൂചന. വിഷയം പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്താൽ പിണറായി വിജയൻ തന്റെ നിലപാട് വ്യക്തമാക്കാനിടയുണ്ട്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായവും അറിയിച്ചേക്കും.
മുഖ്യമന്ത്രി എന്ന നിലയ്ക്കാണ് പിണറായിക്ക് കേന്ദ്ര കമ്മിറ്റിയിൽ തുടരാൻ പ്രത്യേക ഇളവ് നൽകിയിരുന്നത്. ഇപ്പോൾ പ്രതിപക്ഷ നേതാവായാൽ അടുത്ത പാർട്ടി കോൺഗ്രസ് വരെയും ആ സ്ഥാനത്ത് തുടരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ ദില്ലിയിൽ മാധ്യമങ്ങൾ ആവർത്തിച്ച് ചോദിച്ചെങ്കിലും പിണറായി പ്രതികരിച്ചിരുന്നില്ല.
അതേസമയം, പിണറായിയെ പ്രതിപക്ഷ നേതാവാക്കി കെ എൻ ബാലഗോപാൽയെ ഉപനേതാവാക്കണമെന്ന നിർദ്ദേശവും സിപിഎമ്മിനകത്ത് ഉയരുന്നുണ്ട്. എന്നാൽ ഉപനേതൃസ്ഥാനം സിപിഐ ആവശ്യപ്പെടുന്നത് സിപിഎമ്മിന് പുതിയ പ്രതിസന്ധിയാകുകയാണ്.
ദില്ലിയിൽ ചേർന്ന സിപിഐ ദേശീയ കൗൺസിൽ യോഗത്തിന് ശേഷമാണ് ഉപനേതൃസ്ഥാനാവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന സന്ദേശം പാർട്ടി നേതൃത്വം നൽകിയത്. ഇതിലൂടെ പിണറായി നേതൃസ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന രാഷ്ട്രീയ സൂചന സിപിഐ നൽകുകയാണെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.
പൊളിറ്റ് ബ്യൂറോ വിഷയം ചർച്ച ചെയ്താലും അന്തിമ തീരുമാനം സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമായിരിക്കുമെന്നാണ് സൂചന.



