വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ജേസൺ സഞ്ജയുടെ അസാന്നിധ്യം ചർച്ചയായി

ചെന്നൈ: സി ജോസഫ് വിജയ് തമിഴ്നാട്ടിന്റെ പുതിയ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേറ്റതിന് പിന്നാലെ കുടുംബവുമായി ബന്ധപ്പെട്ട ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയംയിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ നടി തൃഷയുടെ സാന്നിധ്യം ദേശീയ മാധ്യമങ്ങളടക്കം വലിയ രീതിയിൽ റിപ്പോർട്ട് ചെയ്തിരുന്നു.
അതേസമയം, വിജയ്‌യുടെ ഭാര്യ സംഗീത സമർപ്പിച്ച വിവാഹമോചന ഹർജി നിലനിൽക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രീയവിജയം എന്നതും ശ്രദ്ധേയമാണ്. ഹർജി കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന റിപ്പോർട്ടുകളും നേരത്തെ തമിഴ് മാധ്യമങ്ങളിൽ വന്നിരുന്നു.
ഇതിനിടെ, സത്യപ്രതിജ്ഞ ചടങ്ങിൽ വിജയ്‌യുടെ മകനായ ജേസൺ സഞ്ജയ് പങ്കെടുക്കാതിരുന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. വിവാഹമോചന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ജേസൺ സഞ്ജയ് ഇൻസ്റ്റാഗ്രാമിൽ വിജയ്‌യെ അൺഫോളോ ചെയ്തതും മുൻപ് വാർത്തയായിരുന്നു. നിലവിൽ നടൻ വിജയ് സേതുപതി ഉൾപ്പെടെ 36 പേരെയാണ് ജേസൺ സഞ്ജയ് ഫോളോ ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ.
പേരിന്റെ ഇനീഷ്യലിൽ മാറ്റം വരുത്താൻ ജേസൺ സഞ്ജയ് ഒരുങ്ങുകയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളും തമിഴ് മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതുവരെ ‘ജേസൺ സഞ്ജയ് വി’ എന്നായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ ഇനി മുതൽ അമ്മയുടെ പേരിന്റെ ആദ്യാക്ഷരമായ ‘എസ്’ ഉപയോഗിക്കുമെന്നാണ് സൂചനകൾ.
സത്യപ്രതിജ്ഞ ചടങ്ങിൽ തൃഷ എത്തിയതും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. “ആരില്ലെങ്കിലും സംഗീതയ്ക്ക് ഒപ്പമുണ്ട് ജേസൺ സഞ്ജയ്” എന്ന തരത്തിലുള്ള കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
അതേസമയം, തമിഴ് സിനിമയിലെ പ്രമുഖ നടിയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് സംഗീത ചെങ്കൽപേട്ട് കോടതിയിൽ വിവാഹമോചന ഹർജി നൽകിയതെന്നാണ് റിപ്പോർട്ടുകൾ. 2021 ഏപ്രിൽ മുതൽ നടിയുമായി വിജയ് ബന്ധത്തിലാണെന്നും, ബന്ധം അവസാനിപ്പിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും അത് തുടരുകയായിരുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.



