LPG വിലക്കയറ്റത്തിനെതിരെ സംസ്ഥാനത്ത് ഹോട്ടലുകൾ ഇന്ന് അടച്ചിടും; ഡൈൻ-ഇൻ, ടേക്ക്അവേ, ഓൺലൈൻ ഡെലിവറി സേവനങ്ങളും നിലക്കും

തിരുവനന്തപുരം: വാണിജ്യ എൽപിജി (LPG) സിലിണ്ടർ വില കുത്തനെ ഉയർന്നതിനെതിരെ സംസ്ഥാനത്തെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബേക്കറികൾ, കാന്റീനുകൾ എന്നിവ ഇന്ന് 24 മണിക്കൂർ അടച്ചിടും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ (KHRA) നേതൃത്വത്തിലാണ് സംസ്ഥാനവ്യാപക സമരം പ്രഖ്യാപിച്ചിരിക്കുന്നത്.ഡൈൻ-ഇൻ സേവനങ്ങൾക്കൊപ്പം ടേക്ക്അവേയും ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങളും ഇന്ന് ലഭ്യമാകില്ല. ഭക്ഷ്യ-ഹോസ്പിറ്റാലിറ്റി മേഖലയിലെ പ്രവർത്തനച്ചെലവ് കുത്തനെ ഉയർന്നതിനെ തുടർന്ന് സമരം അനിവാര്യമാണെന്ന് സംഘടന വ്യക്തമാക്കി. മെയ് 1 മുതൽ 19 കിലോ കൊമേഴ്ഷ്യൽ LPG സിലിണ്ടറിന് ഏകദേശം ₹993 വരെ വർധനവുണ്ടായതോടെ ഒരു സിലിണ്ടറിന്റെ വില ₹3000 കടന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാസങ്ങളിലായി മൊത്തം വർധന ₹1400-ൽ കൂടുതലാണെന്നും ഹോട്ടൽ ഉടമകൾ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ വിലവർധന പിൻവലിക്കണമെന്ന ആവശ്യവുമായി പെട്രോളിയം കമ്പനികളുടെ ഓഫീസുകൾക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും മുന്നിൽ പ്രതിഷേധ മാർച്ചുകളും ധർണകളും സംഘടിപ്പിക്കും. എറണാകുളത്ത് പനമ്പിള്ളി നഗറിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ പ്രധാന പ്രതിഷേധം നടക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്സ് ഫെഡറേഷൻ ഉൾപ്പെടെ വിവിധ വ്യാപാര സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ഭക്ഷണശാലകളുടെ പ്രവർത്തനം ഇന്ന് ഏറെ ബാധിക്കാനാണ് സാധ്യത.



