‘സർവം പിണറായി’ രാഷ്ട്രീയം സിപിഎമ്മിനെ തകർത്തു; പിണറായിയെ വീട്ടിലിരുത്തി ജനം: എം ബി സന്തോഷ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ സിപിഎമ്മിനും എൽഡിഎഫിനും നേരിട്ട വലിയ തിരിച്ചടിക്ക് കാരണം ‘സർവം പിണറായി’ രാഷ്ട്രീയമാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ എം ബി സന്തോഷ് വിമർശിച്ചു. പാർട്ടിയും സർക്കാരും പൂർണമായും പിണറായി വിജയനെ ചുറ്റിപ്പറ്റി കേന്ദ്രീകരിച്ചതാണ് ജനവിധിയിൽ തിരിച്ചടിയായതെന്ന് അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് യോഗത്തിനിടെ ഒരു പാർട്ടി പ്രവർത്തകന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ‘വീട്ടിൽ പോയി ചോദിക്ക്’ എന്ന് പ്രതികരിച്ചതിനെ ചൂണ്ടിക്കാട്ടി, അതേ പിണറായിയെ തന്നെയാണ് ഇപ്പോൾ ജനം വീട്ടിലിരുത്തിയതെന്ന് എം ബി സന്തോഷ് അഭിപ്രായപ്പെട്ടു.
തുടർഭരണം നേടി കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായ പിണറായി വിജയൻ, അതേ സമയം സ്വന്തം പാർട്ടിക്കും മുന്നണിക്കും ഏറ്റവും മോശം തോൽവി സമ്മാനിച്ച നേതാവായും ചരിത്രത്തിൽ രേഖപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
വി.എസ്. അച്യുതാനന്ദന് 2011ൽ തുടർഭരണ സാധ്യത ഉണ്ടായിരുന്നുവെങ്കിലും അത് അട്ടിമറിച്ചത് അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനാണെന്ന് പാർട്ടി അണികൾ പറഞ്ഞിരുന്നുവെന്നും, അന്ന് 68 സീറ്റുകളോടെ എൽഡിഎഫ് വിജയത്തോട് അടുത്ത തോൽവിയായിരുന്നു നേരിട്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ പത്ത് വർഷം ഭരിച്ച ശേഷം അതിനേക്കാൾ ദയനീയമായ തോൽവിയാണ് സിപിഎമ്മിന് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും വിമർശിച്ചു.
പി. ശശിയെ വീണ്ടും സംസ്ഥാന കമ്മിറ്റിയിലേക്ക് കൊണ്ടുവന്ന് പൊലീസ് നിയന്ത്രിക്കുന്ന രാഷ്ട്രീയ സെക്രട്ടറിയാക്കിയതും, സി.കെ.പി പത്മനാഭൻ പോലുള്ള നേതാക്കളെ ഒതുക്കിയതും പാർട്ടിക്കുള്ളിൽ വലിയ അസന്തോഷം സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ജയിംസ് മാത്യു പോലുള്ള മുതിർന്ന നേതാക്കൾ സംസ്ഥാന സമിതി അംഗത്വം വേണ്ടെന്നുവച്ചതും ഇതിന്റെ പ്രതിഫലനമാണെന്ന് ചൂണ്ടിക്കാട്ടി.
സംസ്ഥാന സമിതിയും സെക്രട്ടേറിയറ്റും ‘പിണറായി ഭജനസംഘമായി’ മാറിയെന്നും, പി. ജയരാജൻ പോലുള്ള നേതാക്കളെ പോലും ഒതുക്കിയെന്നും എം ബി സന്തോഷ് ആരോപിച്ചു. സംഘടനാ പദവികളിൽ പ്രായപരിധി കുറച്ച പാർട്ടി തീരുമാനത്തെ മറികടന്ന് വീണ്ടും മുഖ്യമന്ത്രിസ്ഥാനത്തേക്ക് മത്സരിക്കാനുള്ള പിണറായിയുടെ നീക്കത്തിനെതിരെ ആരും പ്രതികരിക്കാത്തത് പാർട്ടിയുടെ ദുർബലതയാണെന്നും പറഞ്ഞു.
കെ.കെ ശൈലജയെ മുഖ്യമന്ത്രിയേക്കാൾ ജനകീയ നേതാവായിട്ടും പേരാവൂരിൽ മത്സരിപ്പിച്ച് ‘നേർച്ചക്കോഴിയാക്കിയതും’ വലിയ രാഷ്ട്രീയ പിഴവായിരുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. ശൈലജയെ വനിതാ മുഖ്യമന്ത്രിയായി മുന്നിൽനിർത്തിയിരുന്നെങ്കിൽ മൂന്നാം തുടർഭരണം എൽഡിഎഫിന് ഉറപ്പായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.
എം.വി ഗോവിന്ദന്റെയും ഭാര്യയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തളിപ്പറമ്പിലെ വിവാദവും, ടി.കെ ഗോവിന്ദന്റെ പ്രതിഷേധവും, വി. കുഞ്ഞുകൃഷ്ണന്റെ വിജയവും പാർട്ടിക്കുള്ളിലെ അസന്താഷത്തിന്റെ പ്രതിഫലനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“പാർട്ടിക്കോട്ടയിൽ ഞങ്ങൾ എന്തും ചെയ്യും” എന്ന പിണറായിയുടെയും എം.വി ഗോവിന്ദന്റെയും ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് ഈ ജനവിധിയെന്ന് എം ബി സന്തോഷ് പറഞ്ഞു. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ ഉൾപ്പെടെ സിപിഎം കോട്ടകൾ യു.ഡി.എഫിന് അടിയറവച്ച നേതാവെന്ന നിലയിലും ഇനി പിണറായി വിജയൻ അറിയപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു



