ജനവിധി അംഗീകരിക്കുന്നു: സിപിഐ, പരാജയകാരണം പരിശോധിച്ച് തിരുത്തലുമായി മുന്നോട്ട്

നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ തിരിച്ചടിയെ ജനവിധിയായി വിനയപൂർവ്വം അംഗീകരിക്കുന്നുവെന്ന് Communist Party of India സംസ്ഥാന കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു. ജനാധിപത്യ വ്യവസ്ഥയിൽ എല്ലാവരേക്കാളും വലിയവർ ജനങ്ങളാണെന്നും, അവരുടെ വിധിയെഴുത്തിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽഡിഎഫും ആദരിക്കുന്നുവെന്നും സിപിഐ വ്യക്തമാക്കി.

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽഡിഎഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായതെന്ന് പ്രസ്താവനയിൽ പറയുന്നു. അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധികളില്ലാത്ത പരിശോധന അനിവാര്യമാണെന്നും, വോട്ടിംഗ് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമായതിന് ശേഷം പാർട്ടിയും എൽഡിഎഫും വിശദമായ അവലോകനം നടത്തുമെന്നും അറിയിച്ചു.

പത്തുവർഷത്തെ എൽഡിഎഫ് ഭരണം എല്ലാ മേഖലകളിലും അനിഷേധ്യമായ നേട്ടങ്ങൾ സൃഷ്ടിച്ചതാണെന്നും, അത്തരമൊരു ഭരണത്തെ നയിച്ച മുന്നണിക്ക് ഇത്തരമൊരു പരാജയം സംഭവിക്കുമ്പോൾ പതിവ് വിശദീകരണങ്ങൾ മാത്രം മതിയാകില്ലെന്നും പാർട്ടി ചൂണ്ടിക്കാട്ടി.

ജനവിധിക്ക് പിന്നിലെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തി, ഉണ്ടായിരിക്കാവുന്ന പാളിച്ചകൾ തിരുത്തി മുന്നോട്ടുപോകാൻ എൽഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്ന് സിപിഐ വ്യക്തമാക്കി. എക്കാലവും വിജയിച്ചുപോരുന്ന മണ്ഡലങ്ങളിലെ തോൽവിയെക്കുറിച്ച് സ്വയം വിമർശനം നടത്തുമെന്നും, പാർട്ടിയെയും എൽഡിഎഫിനെയും കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രസ്താവനയിൽ പറയുന്നു.

ഉത്തരവാദിത്വബോധമുള്ള ജനപക്ഷ പ്രതിപക്ഷമായി പ്രവർത്തിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽഡിഎഫും പരിശ്രമിക്കുമെന്നും, എല്ലാ പ്രവർത്തകരെയും സഖാക്കളെയും അഭിവാദ്യം ചെയ്യുന്നതായും സിപിഐ സംസ്ഥാന കൗൺസിൽ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *