ഡക്കറ്റിന്റെ സെഞ്ച്വറിക്ക് ഇംഗ്ലിസിന്റെ മറുപടി; ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിച്ച് ഓസ്‌ട്രേലിയ

0

ലാഹോര്‍: ചാമ്പ്യന്‍സ് ട്രോഫിയിലെ ശക്തരുടെ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്ക് വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 352 റണ്‍സ് 5 വിക്കറ്റ് നഷ്ടത്തില്‍ 15 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ലോകചാമ്പ്യന്‍മാര്‍ മറികടന്നത്. അഞ്ച് സൂപ്പര്‍താരങ്ങളുടെ അഭാവത്തിലാണ് പാകിസ്ഥാനിലെത്തിയതെങ്കിലും തങ്ങളെ ചെറുതായി കാണേണ്ടെന്ന സന്ദേശം മറ്റ് ടീമുകള്‍ക്ക് നല്‍കുകയും ചെയ്തിരിക്കുകയാണ് ജയത്തിലൂടെ ഓസ്‌ട്രേലിയ. തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ജോഷ് ഇംഗ്ലിസ്, അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ മാത്യു ഷോര്‍ട്ട്, അലക്‌സ് ക്യാരി എന്നിവരുടെ പ്രകടനങ്ങളാണ് ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ സഹായകമായത്.

352 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ലോകചാമ്പ്യന്‍മാരുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ഓപ്പണര്‍ ട്രാവിസ് ഹെഡ് 6(5), ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് 5(6) എന്നിവരുടെ വിക്കറ്റുകള്‍ 4.1 ഓവര്‍ പിന്നിട്ടപ്പോള്‍ നഷ്ടമായി. വെറും 27 റണ്‍സ് മാത്രമായിരുന്നു ഈ സമയത്തെ ആകെ സ്‌കോര്‍. മൂന്നാം വിക്കറ്റില്‍ മാത്യു ഷോര്‍ട്ട് 63(66) – മാര്‍നസ് ലാബുഷെയ്ന്‍ 47(45) സഖ്യം നേടിയ 95 റണ്‍സ് കൂട്ടുകെട്ട് ഓസീസിനെ മത്സരത്തില്‍ സജീവമായി നിലനിര്‍ത്തി.സ്‌കോര്‍ 122ല്‍ എത്തിയപ്പോള്‍ ലാബുഷെയ്‌നും 136ല്‍ എത്തിയപ്പോള്‍ നാലാമനായി മാത്യു ഷോര്‍ട്ടും മടങ്ങിയതോടെ ഇംഗ്ലീഷ് പ്രതീക്ഷകള്‍ ഉയര്‍ന്നു.

എന്നാല്‍ പിന്നീടാണ് മത്സരത്തിന്റെ ഗതി ഓസ്‌ട്രേലിയക്ക് അനുകൂലമാക്കിയ ജോഷ് ഇംഗ്ലിസ് 120(86) – അലക്‌സ് ക്യാരി 69(63) കൂട്ടുകെട്ട് പിറന്നത്. 146 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. 42ാം ഓവറില്‍ ക്യാരി പുറത്താകുമ്പോള്‍ ഓസീസ് വിജയത്തിന് അടുത്ത് എത്തിയിരുന്നു. ഗ്ലെന്‍ മാക്‌സ് വെല്‍ 32(15) പുറത്താകാതെ നിന്നു.നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് നേടിയിരുന്നു. ബെന്‍ ഡക്കറ്റ് 165(143) നേടിയ തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇംഗ്ലീഷ് നിരയ്ക്ക് തുണയായത്. മുന്‍ നായകന്‍ ജോ റൂട്ട് 68(78) അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. മൂന്നാം വിക്കറ്റില്‍ റൂട്ട് – ഡക്കറ്റ് സഖ്യം നേടിയ 158 റണ്‍സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഓസ്ട്രേലിയക്ക് വേണ്ടി ബെന്‍ ഡ്വാര്‍ഷുയിസ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ആദം സാംപയ്ക്കും മാര്‍ണസ് ലബുഷെയ്നും രണ്ട് വിക്കറ്റുകള്‍ വീതം ലഭിച്ചപ്പോള്‍ ഗ്ലെന്‍ മാക്സ്വെല്ലിന് ഒരു വിക്കറ്റ് ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here