റെയിൽവേ പാളത്തിൽ ടെലിഫോൺ പോസ്റ്റ് : ഉദ്ദേശ്യമെന്തെന്ന് വെളിപ്പെടുത്തി പ്രതികൾ

0

കൊല്ലം : കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയ സംഭവത്തിൽ പ്രതികളുടെ മൊഴി പുറത്ത്. സംഭവത്തിൽ കുണ്ടറ ഇളമ്പള്ളൂർ സ്വദേശി രാജേഷ്, പെരുമ്പുഴ പാലപൊയ്ക സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. രണ്ട് യുവാക്കൾ ചേർന്ന് ടെലിഫോൺ പോസ്റ്റ് വലിച്ചിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരെ കൊല്ലം റൂറൽ എസ്.പി സാബു മാത്യൂസിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.

ചോദ്യം ചെയ്യലിൽ ടെലിഫോൺ പോസ്റ്റ് റെയിൽവേ പാളത്തിൽ കൊണ്ടുപോയി വച്ചതിന്റെ കാരണവും പ്രതികൾ വെളിപ്പെടുത്തി. പോസ്റ്റ് മുറിച്ച് ആക്രിയാക്കി വിറ്റ് പണമാക്കുകയായിരുന്നു ഉദ്ദേശ്യമെന്നും അതിനുവേണ്ടിയാണ് പോസ്റ്റ് പാളത്തിൽ കൊണ്ടുപോയി വച്ചതെന്നുമാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. ട്രെയിൻ കടന്നുപോകുമ്പോൾ പോസ്റ്റ് മുറിയുമെന്ന ധാരണയിലാണ് കൊണ്ടുവച്ചതെന്നാണ് മൊഴി.എന്നാൽ പ്രതികളുടെ മൊഴി ഇതാണെങ്കിലും സംഭവത്തിൽ അട്ടിമറി സാദ്ധ്യതയടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.

പ്രതികൾ മുമ്പും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. കുണ്ടറയിൽ പൊലീസുകാരെ ആക്രമിച്ച കേസിൽ പ്രതിയാണ് ഒരാൾ. മറ്റൊരാൾക്കെതിരെ അഞ്ച് ക്രിമിനൽ കേസുകളുണ്ടെന്നും റൂറൽ എസ്.പി പറഞ്ഞു.ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്. യാത്രക്കാരനാണ് പോസ്റ്റ് കണ്ടത്. തുടർന്ന് എഴുകോൺ പൊലീസിൽ വിവരമറിയിച്ചു.പൊലീസ് ഉദ്യോഗസ്ഥർ എത്തി പോസ്റ്റ് നീക്കി. പൊലീസ് മടങ്ങിയതിന് ശേഷം വീണ്ടും ആരോ റെയിൽവേ പാളത്തിന് കുറുകെ പോസ്റ്റ് വച്ചു. കൃത്യസമയത്ത് കണ്ടെത്തിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

LEAVE A REPLY

Please enter your comment!
Please enter your name here