മോഷണക്കുറ്റം ആരോപിച്ച് ആറാം ക്ലാസുകാരനെ ഫാനിൽ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം; പുനലൂരിലെ ബോർഡിങ് സ്കൂളിൽ ക്രൂരത

കൊല്ലം: മോഷണക്കുറ്റം ആരോപിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിയെ ഫാനിൽ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ച ഞെട്ടിക്കുന്ന സംഭവം പുനലൂരിൽ റിപ്പോർട്ട് ചെയ്തു. പെന്തക്കോസ്ത് സഭയുടെ നിയന്ത്രണത്തിലുള്ള പുനലൂർ വെട്ടുത്തിട്ടയിലെ ലിവിംഗ് വാട്ടർ ബോർഡിങ് സ്കൂളിലാണ് സംഭവം നടന്നത്.

സ്കൂളിലെ പാചകത്തൊഴിലാളിയുടെ 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ചാണ് വിദ്യാർത്ഥിക്കെതിരെ ക്രൂരമായ നടപടി സ്വീകരിച്ചതെന്നാണ് പരാതി. സഹോദരങ്ങളായ രണ്ട് കുട്ടികളിൽ ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയെയാണ് ജീവനക്കാർ ശിക്ഷയുടെ പേരിൽ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചത്.

വ്യാഴാഴ്ച നടന്ന സംഭവത്തിൽ കുട്ടിയെ ഫാനിൽ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചതായും, ഭീഷണിപ്പെടുത്തിയും മർദിച്ചുമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കുട്ടികൾ അവധിക്ക് വീട്ടിലെത്തി സംഭവം പറഞ്ഞപ്പോഴാണ് കുടുംബാംഗങ്ങൾ വിവരം അറിഞ്ഞത്.

തുടർന്ന് രക്ഷിതാക്കൾ പുനലൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്കൂൾ അധികൃതരിൽ നിന്ന് വിശദീകരണം തേടിയതായും സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതും പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

സംഭവം പുറത്തുവന്നതോടെ പ്രദേശത്ത് വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കുട്ടികളോട് ഇത്തരത്തിലുള്ള ക്രൂരത കാട്ടിയവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് വിവിധ സാമൂഹിക-രാഷ്ട്രീയ സംഘടനകൾ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ സുരക്ഷിത ഇടങ്ങളാകേണ്ട സമയത്ത് ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത് ഗൗരവമായി കാണണമെന്നും ബാലാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടി

Related Articles

Leave a Reply

Your email address will not be published. Required fields are marked *