ജനവിധിക്ക് ഇനി രണ്ട് ദിവസം’ വിജയപ്രതീക്ഷയിൽ മുന്നണികൾ

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി രണ്ട് ദിവസം മാത്രം ബാക്കി. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ആരംഭിക്കും. 43 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്.
ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. തുടർന്ന് ഇവിഎമ്മുകളിൽ രേഖപ്പെടുത്തിയ വോട്ടുകൾ പരിശോധിക്കും. ഇവിഎം വോട്ടെണ്ണലിനായി ഓരോ ഹാളിലും 7 മുതൽ 14 വരെ മേശകൾ ക്രമീകരിക്കും. രാവിലെ എട്ടരയോടെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മുന്നണികളിൽ ആത്മവിശ്വാസം ഉയർന്നിരിക്കുകയാണ്. എക്സിറ്റ് പോൾ ഫലങ്ങൾ പ്രതികൂലമായിരുന്നുവെങ്കിലും ഭരണതുടർച്ച ഉറപ്പാണെന്ന നിലപാടിലാണ് എൽഡിഎഫ്. അതേസമയം, മിക്ക പ്രവചനങ്ങളിലും മുന്നിൽ നിൽക്കുന്നത് യുഡിഎഫിന്റെ പ്രതീക്ഷ വർധിപ്പിച്ചിട്ടുണ്ട്.
ഇതിനിടെ, കുറഞ്ഞത് രണ്ട് സീറ്റുകളിലെങ്കിലും വിജയം നേടാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. വോട്ടെണ്ണലിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരഞ്ഞെടുപ്പ് അധികൃതർ അറിയിച്ചു.



