“കഥകളൊക്കെ കഥകൾ മാത്രം”: ജനവിധിയിൽ വിശ്വാസം, എക്സിറ്റ് പോൾ തള്ളി ബിനോയ് വിശ്വം

എക്സിറ്റ് പോളുകൾ അവസാന വാക്കല്ലെന്നും ജനങ്ങളെയാണ് മുഖവിലയ്ക്ക് എടുക്കേണ്ടതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിൽ എൽഡിഎഫിന് ഭരണത്തുടർച്ച നഷ്ടപ്പെടുമെന്ന സർവേ പ്രവചനങ്ങളെ തള്ളിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എൽഡിഎഫ് ഇപ്പോഴും ശുഭപ്രതീക്ഷയിലാണ്. പണ്ടും എക്സിറ്റ് പോളുകൾ ഇത്തരം കഥകൾ പറഞ്ഞിട്ടുണ്ട്. സർവേ നടത്തുന്നവർക്ക് പ്രത്യേക രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. അവർ ഒരു പ്രത്യേക കണ്ണടയിലൂടെയാണ് കാര്യങ്ങളെ കാണുന്നത്. ജനങ്ങളുടെ കാഴ്ചപ്പാടാണ് പ്രധാനം, സർവേകൾ ആരുടെ പ്രതീക്ഷയാണെന്ന ചോദ്യം പ്രസക്തമാണ് ബിനോയ് വിശ്വം പറഞ്ഞു.
ഏഴ് ഏജൻസികളാണ് യുഡിഎഫിന് കേരളത്തിൽ ഭരണസാധ്യത പ്രവചിച്ചിരിക്കുന്നത്. 70 മുതൽ 90 സീറ്റുകൾ വരെ യുഡിഎഫ് നേടുമെന്ന് പ്രവചിക്കപ്പെടുമ്പോൾ, എൽഡിഎഫിന് അധികാരം നഷ്ടമാകുമെന്നാണ് എല്ലാ സർവേകളും ഒരേപോലെ സൂചിപ്പിക്കുന്നത്. ആക്സിസ് മൈ ഇന്ത്യ യുഡിഎഫിന് പരമാവധി 90 സീറ്റുകൾ വരെയും എൻഡിഎയ്ക്ക് 4 സീറ്റുകൾ വരെയുമാണ് പ്രവചിച്ചിരിക്കുന്നത്.



