വ്യാജ മെഡിക്കൽ രേഖ ആരോപണം: മജിസ്ട്രേറ്റിനെതിരെ കേസ് ആവശ്യപ്പെട്ട് ഡിജിപിയോട് പരാതി

തൃശ്ശൂർ: വ്യാജ മെഡിക്കൽ രേഖകൾ സൃഷ്ടിച്ച് റീഇൻബേഴ്സ്മെന്റ് നേടാൻ ശ്രമിച്ചെന്നാരോപിച്ച് ജുഡീഷ്യൽ ഓഫീസർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.
തൃശ്ശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി–III ലെ ജുഡീഷ്യൽ ഓഫീസറായ ടിയാറ റോസ് മേരിയാണ് ആരോപണ വിധേയയായത്. മെഡിക്കൽ റീഇൻബേഴ്സ്മെന്റ് ലഭിക്കാൻ വ്യാജ രേഖകൾ സമർപ്പിച്ചതായാണ് പരാതി. സൗന്ദര്യ വർദ്ധക വസ്തുക്കൾ വാങ്ങിയതിനുള്ള ഏകദേശം 30,000 രൂപയുടെ ബിൽ ജില്ലാ മെഡിക്കൽ ഓഫീസർ നിരസിച്ചിരുന്നുവെന്നാണ് വിവരം.
തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ ഒപ്പും സീലും വ്യാജമായി നിർമ്മിച്ച് ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിച്ചെന്ന തരത്തിൽ രേഖകൾ തയ്യാറാക്കി ഹൈക്കോടതി അഡ്മിനിസ്ട്രേഷനിൽ സമർപ്പിച്ചതായും പരാതിയിൽ ആരോപിക്കുന്നു. പരിശോധനയിൽ ഒപ്പും സീലും വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഹൈക്കോടതി രജിസ്ട്രാർ അച്ചടക്ക നടപടിയുടെ ഭാഗമായി ടിയാറ റോസ് മേരിയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
വ്യാജ രേഖ നിർമ്മാണം ക്രിമിനൽ കുറ്റമാണെന്നും വകുപ്പ് തല അന്വേഷണത്തിന് പുറമെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും അഡ്വ. ജയ്സിങ് ആവശ്യപ്പെട്ടു.
ഇതിന് മുൻപ് നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയിൽ സേവനമനുഷ്ഠിക്കുമ്പോൾ പോലീസ് ഉദ്യോഗസ്ഥരോട് ഫോൺ വഴി അപമര്യാദയായി സംസാരിച്ചതുമായി ബന്ധപ്പെട്ടും ഇവർ വിവാദത്തിലായിരുന്നു. തുടർന്ന് ഹൈക്കോടതി പൊതുനിർദ്ദേശം നൽകി ഇവരെ മാറ്റി നിയമിച്ചതായും റിപ്പോർട്ടുണ്ട്.



