‘വലിയ കാര്യങ്ങൾ ചെയ്യുന്നവർക്ക് നേരെ വധശ്രമമുണ്ടാകും’: വെടിവെപ്പിന് പിന്നാലെ പ്രതികരണവുമായി ട്രംപ്

മേരിക്കയിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അത്താഴ വിരുന്നിനിടെയുണ്ടായ വെടിവെപ്പിൽ പ്രതികരണവുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തി. കാലിഫോർണിയ സ്വദേശിയായ മുപ്പത്തിയൊന്നുകാരൻ കോൾ ടോമസ് അലനാണ് അക്രമിയെന്ന് ട്രംപ് സ്ഥിരീകരിച്ചു. വിരുന്ന് നടന്ന ഹാളിൽ നിന്നും ഏകദേശം 45 മീറ്റർ അകലെ നിന്നാണ് ഇയാൾ വെടിയുതിർത്തത്.

ലോകത്ത് വലിയ കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെ ഇത്തരം വധശ്രമങ്ങൾ ഉണ്ടാകാറുണ്ടെന്നും എന്നാൽ ആരെയും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്നും ട്രംപ് പ്രതികരിച്ചു.

വാഷിങ്ടൺ ഹിൽട്ടൺ ഹോട്ടലിലെ ബാൾറൂമിന് പുറത്താണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. അക്രമി ആയുധവുമായി സുരക്ഷാ പരിശോധനകൾ മറികടന്ന് എങ്ങനെ ഹോട്ടലിനുള്ളിലെത്തി എന്നതിൽ വ്യക്തത വന്നിട്ടില്ല. വെടിവെപ്പിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റു. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സീക്രട്ട് സർവീസിന്റെ ഭാഗത്ത് വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്നും അവർ വളരെ വേഗത്തിലാണ് ഇടപെട്ടതെന്നും ട്രംപ് വ്യക്തമാക്കി. പ്രഥമ വനിതയും കാബിനറ്റ് അംഗങ്ങളും സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്രമി ഹിൽട്ടൺ ഹോട്ടലിൽ മുൻകൂട്ടി മുറിയെടുത്തിരുന്നതായി വാഷിങ്ടൺ ഡിസി പൊലീസ് മേധാവി ജെഫ്രി കരോൾ അറിയിച്ചു. ഇയാൾ താമസിച്ചിരുന്ന മുറി പൊലീസ് സീൽ ചെയ്യുകയും വിശദമായ പരിശോധന ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ഇയാൾ ഒറ്റയ്ക്കാണ് കൃത്യത്തിന് എത്തിയതെന്നാണ് സൂചന. പ്രതിയെ എഫ്ബിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *