വെടിക്കെട്ടില്ല, വർണ്ണപ്പൊലിമയുമില്ല! ആചാരപ്പെരുമയിൽ ഇന്ന് തൃശൂർ പൂരം

തൃശൂർ: നാടും നഗരവും പൂരലഹരിയിലാവേണ്ട തൃശൂരിൽ ഇത്തവണ ആഘോഷങ്ങളില്ല. മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ ദാരുണമായ അപകടത്തിന്റെ പശ്ചാത്തലത്തിൽ, ആർഭാടങ്ങൾ പൂർണ്ണമായും ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ മാത്രമായാണ് ഇത്തവണ തൃശൂർ പൂരം നടക്കുന്നത്.

പൂരത്തിന്റെ പ്രധാന ആകർഷണങ്ങളായ സാമ്പിൾ വെടിക്കെട്ട്, പ്രധാന വെടിക്കെട്ട്, പകൽ വെടിക്കെട്ട് എന്നിവ ഇത്തവണ ഉണ്ടാകില്ല. പൂരപ്രേമികളുടെ ആവേശമായ കുടമാറ്റം വെറും 15 മിനിറ്റായി പരിമിതപ്പെടുത്തി. പൂരനഗരിയിലെ ദീപാലങ്കാരങ്ങളും വർണ്ണാഭമായ മറ്റു പ്രദർശനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. വെടിക്കെട്ട് ഇല്ലെങ്കിലും പൂരത്തിന്റെ മറ്റു ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ല. തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങളുടെയും എട്ട് ഘടകക്ഷേത്രങ്ങളുടെയും പൂരങ്ങൾ രാവിലെ മുതൽ തന്നെ നഗരത്തിലേക്ക് എഴുന്നള്ളും. ആനപ്രേമികൾക്കും മേളപ്രേമികൾക്കും പൂരത്തിന്റെ ആത്മീയവും കലാപരവുമായ അനുഭവം നഷ്ടപ്പെടാതെയാകും ഇത്തവണത്തെ ക്രമീകരണങ്ങൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *