മുഖ്യമന്ത്രിയുടെ വിഐപി ടിക്കറ്റ് നടിയുടെ കെെയിൽ; താരവുമായുള്ള ബന്ധം എന്തെന്ന് സോഷ്യൽ മീഡിയ

ഹെെദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് അനുവദിച്ച സൗജന്യ ഐപിഎൽ ടിക്കറ്റ് നടിയുടെ കെെയിലെത്തിയതിനെച്ചൊല്ലി വിവാദം. നടിയും മോഡലും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ കുഷിത കല്ലാപിനാണ് രണ്ട് കോംപ്ലിമെന്ററി ടിക്കറ്റ് ലഭിച്ചത്. വിഐപി ടിക്കറ്റുകളുടെ ചിത്രം നടി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ഹെെദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന സൺറെെസേഴ്സ് ഹെെദരാബാദ് – ചെന്നെെ സൂപ്പർ കിംഗ്സ് മത്സരത്തിന്റെ ടിക്കറ്റുകളാണ് നടിയുടെ കെെവശം ഉണ്ടായിരുന്നത്. 40,000 രൂപ വിലയുള്ള സൺറെെസേഴ്സ് എലെെറ്റ് ലോഞ്ചിലെ രണ്ടുടിക്കറ്റുകളുടെ ചിത്രമാണ് നടി പങ്കുവച്ചത്. ‘ബഹുമാനപ്പെട്ട തെലങ്കാന മുഖ്യമന്ത്രിക്ക്’ എന്ന് ടിക്കറ്റിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.പിന്നാലെ ഈ ടിക്കറ്റ് എങ്ങനെ നടിയുടെ കെെയിലെത്തിയെന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. പ്രതിപക്ഷ പാർട്ടികൾ ഉൾപ്പടെ സംഭവം ഏറ്റെടുത്തുക്കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരാണ് ഇവർക്ക് ടിക്കറ്റ് നൽകുന്നത്?, എന്താണ് ഇവർ തമ്മിലെ ബന്ധം? പിന്നിലെ കാരണമെന്ത്? ഇങ്ങനെ പോകുന്നു ചോദ്യങ്ങൾ.ഇവർ ടിക്കറ്റ് ഉപയോഗിച്ച് കളി കാണാൻ പോയോയെന്ന് വ്യക്തമല്ല. ചംഗുരെ ബംഗാരു രാജ, നിതോനെ നേനു, ബാബു – നമ്പർ 1 ബുൾഷിറ്റ് ഗെെ, മനോഹപം എന്നീ തെലുങ്കുചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് കുഷിത കല്ലാപു. വിവിധ ബ്രാൻഡുകളുടെ പരസ്യത്തിലും പ്രത്യേക്ഷപ്പെടുന്ന നടിക്ക് ഇൻസ്റ്റഗ്രാമിൽ 1.1 മില്യൺ ഫോളോവേഴ്സുണ്ട്.



