തിരുവനന്തപുരം നെട്ടയം മലമുകളിൽ വൻ സംഘർഷം. ബി ജെ പി – സി പി എം പ്രവർത്തകർ

തിരുവനന്തപുരം: തിരുവനന്തപുരം നെട്ടയം മലമുകളിൽ വൻ സംഘർഷം. ബി ജെ പി – സി പി എം പ്രവർത്തകർ തമ്മിലുള്ള സംഘർഷം പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ഒരാൾ നഗ്നത പ്രദർശനം നടത്തിയെന്ന ബി ജെ പി പ്രവർത്തകന്റെ ഭാര്യയുടെ പരാതിയുമായി ബന്ധപ്പെട്ട തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. യുവതി രാത്രിയോടെ വട്ടിയൂർക്കാവ് പൊലീസിന് പരാതി നൽകിയിരുന്നു. നെട്ടയം മലമുകളിലുള്ള ഒരു ബി ജെ പി പ്രവർത്തകന്‍റെ ഭാര്യയാണ് പരാതി നൽകിയത്.
പരാതി നൽകിയതിന് പിന്നാലെ ഇവരുടെ ഭർത്താവായ ബി ജെ പി പ്രവർത്തകനെ നാട്ടുകാരും സി പി എം പ്രവർത്തകരും ചേർന്ന് വാഹനം അടക്കം തടഞ്ഞുവെച്ചെന്നാണ് ബി ജെ പി ആരോപിക്കുന്നത്. വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും തർക്കം രൂക്ഷമായി തുടരുകയായിരുന്നു. സി പി എമ്മിന് അനുകൂലമായാണ് പൊലീസ് സംസാരിക്കുന്നതെന്നായിരുന്നു ബി ജെ പിയുടെ ആരോപണം. ഇതിനിടയിൽ കല്ലേറും കമ്പ് എറിയലും നടന്നതോടെ സംഘർഷം രൂക്ഷമായി. ഒരു പൊലീസുകാരന്‍റെ തലപൊട്ടി പരിക്കേറ്റതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി ലാത്തിചാർജ്ജ് ചെയ്തതോടെ പ്രവർത്തകർ ചിതറിയോടിയതോടെയാണ് സംഘർഷാവസ്ഥക്ക് അയവുണ്ടായത്.
സ്ഥലത്ത് സംഘർഷാവസ്ഥക്ക് നേരിയ ശമനമുണ്ടെങ്കിലും ഇരുവിഭാഗങ്ങളും വീണ്ടും ഏറ്റുമുട്ടുമോ എന്ന ആശങ്ക ശക്തമാണ്. സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്. ഇതിനിടെ തങ്ങളുടെ പ്രവർത്തകരെ പൊലീസ് അകാരണമായി ലാത്തിചാർജ്ജ് ചെയ്തെന്ന് ആരോപിച്ച് രാത്രി തന്നെ ബി ജെ പി, വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. അതേസമയം രാഷ്ട്രീയ സംഘർഷം അല്ലെന്നാണ് സി പി എം പറയുന്നത്. ബന്ധുക്കൾ തമ്മിലുള്ള തർക്കമെന്നും സി പി എം നേതാക്കൾ അഭിപ്രായപ്പെട്ടു. പരിക്കേറ്റ പൊലീസുകാരനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നാല് പ്രവർത്തകർക്ക് പരിക്കേറ്റെന്ന് ബി ജെ പി നേതാക്കൾ പറഞ്ഞു.



