കേരളത്തിനിത് ചരിത്ര നിമിഷം, രണ്ട് റൺസ് ലീഡിൽ രഞ്ജി ട്രോഫി ഫൈനലിലേക്ക്

1

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമി ഫൈനലിൽ കേരളത്തിന് രണ്ട് റൺസിന്റെ നിർണായക ലീഡ്. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കേരളം ഒന്നാം ഇന്നിംഗ്‌സിൽ നേടിയ 457 റൺസിന് മറുപടിയുമായിറങ്ങിയ ഗുജറാത്ത് ഇ‌ന്ന് 455 റൺസിന് ഓൾ ഔട്ടായി. കേരളത്തിന്റെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ചു. സെമി ഫൈനൽ അവസാന ദിനമായ ഇന്ന് മത്സരം സമനിലയിലാകും എന്ന് ഉറപ്പാണ്. ഇതോടെ ര‌ഞ്‌ജി ട്രോഫി നേടാനുള്ള അവസരം എന്ന ചരിത്ര നേട്ടമാണ് കേരളം കൈവരിക്കുന്നത്.

മുംബയ്-വിദർഭ സെമി ഫൈനലിലെ വിജയിയെ കേരളം ഫൈനലിൽ നേരിടും. ശ്രീശാന്ത്, സഞ്ജു സാംസൺ പോലെയുള്ള ദേശീയ താരങ്ങളെ ഇന്ത്യക്കായി സംഭാവന ചെയ്യാനായെങ്കിലും ഇതുവരെ കേരളം ആഭ്യന്തര ക്രിക്കറ്റിലെ ശക്തി പരീക്ഷണമായ രഞ്‌ജി ട്രോഫിയുടെ ഫൈനലിൽ എത്തിയിരുന്നില്ല. സച്ചിൻ ബേബിയുടെ നേതൃത്വത്തിലുള്ള ടീം അസാദ്ധ്യമെന്ന് പലർക്കും തോന്നിയ കാര്യം സാധിച്ചിരിക്കുകയാണ്. ക്വാർട്ടർ ഫൈനലിൽ ജമ്മു കാശ്‌മീരിനെതിരെ സൽമാൻ നിസാർ നേടിയ സെഞ്ച്വറിയുടെ കരുത്തിൽ ഒരൊറ്റ റൺസ് ലീഡാണ് കേരളത്തെ സെമിയിലെത്തിയത്.

ഇന്ന് ഗുജറാത്തിന് നഷ്‌ടമായ നാല് വിക്കറ്റുകളിൽ മൂന്നും നേടിയത് സ്‌പിന്നർ ആദിത്യ സ‌ർവതെ ആണ്. ഒരു വിക്കറ്റ് ജലജ് സക്‌സേനയും നേടി. രണ്ടാം ഇന്നിംഗ്‌‌സിൽ ഫലം ഉണ്ടാകാൻ ഇടയില്ലാത്തതിനാൽ ഒന്നാം ഇന്നിംഗ്‌സിൽ രണ്ട് റൺസ് നിർണായക ലീഡ് നേടിയ കേരളം തന്നെ ഫൈനലിൽ എത്തും.ജയ്‌മീത് പട്ടേൽ (177 പന്തിൽ 79), സിദ്ധാർത്ഥ് ദേശായി (164 പന്തിൽ 24) എന്നിവർ ചേർന്ന് 79 റൺസ് കൂട്ടുകെട്ടുമായി പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും കേരളത്തിന്റെ സ്‌പിൻ കെണിയിൽ ഇരുവർക്കും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ജയ്‌മീത് രണ്ട് ഫോറുകളും സിദ്ധാർത്ഥ് ഒരേയൊരു ഫോറുമാണ് നേടിയത്. കേരളത്തിനായി ജലജ് സക്‌സേനയും ആദിത്യ സ‌ർവതെയും നാല് വീതം വിക്കറ്റുകൾ വീഴ്‌ത്തി. എം ഡി നിതീഷും ബേസിലും ഓരോ വിക്കറ്റുകളും നേടി.

1 COMMENT

  1. […] രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭ പിടിമുറുക്കുന്നു. നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം വിദര്‍ഭ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 254 റണ്‍സെടുത്തിട്ടുണ്ട്. ഡാനിഷ് മലേവറുടെ (138) സെഞ്ചുറിയാണ് വിദര്‍ഭയ്ക്ക് കരുത്തായത്. ഡാനിഷിനൊപ്പം യാഷ് താക്കൂര്‍ (5) ക്രീസിലുണ്ട്. മലയാളി താരം കരുണ്‍ നായര്‍ (86) മികച്ച പ്രകടനം പുറത്തെടുത്തു. കേരളത്തിന് വേണ്ടി എം ഡി നിധീഷ് രണ്ട് വിക്കറ്റെടത്തു. […]

LEAVE A REPLY

Please enter your comment!
Please enter your name here