വനിതാ സംവരണ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിൽ കേന്ദ്ര സർക്കാരിനെതിരെ ലോക്‌സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

നിതാ സംവരണ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിൽ കേന്ദ്ര സർക്കാരിനെതിരെ ലോക്‌സഭയിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. ഈ ബില്ലിനെ സ്ത്രീകളുടെ ബിൽ എന്ന് വിളിക്കാനാവില്ലെന്നും സ്ത്രീ ശാക്തീകരണവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം ഏകപക്ഷീയമായി മാറ്റിവരയ്ക്കാനുള്ള കേന്ദ്രസർക്കാരിന്റെ തന്ത്രമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യയിലെ സ്ത്രീകളെ മുൻനിർത്തി മണ്ഡല പുനർനിർണ്ണയത്തെ ഒളിച്ചുകടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

മണ്ഡല പുനർനിർണ്ണയത്തിലൂടെ രാജ്യത്തിന്റെ ഭൂപടം പുനഃക്രമീകരിക്കുക എന്ന ഗൂഢലക്ഷ്യമാണ് ബില്ലിന് പിന്നിലുള്ളതെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. അസം, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ചെയ്തതുപോലെ രാഷ്ട്രീയ നേട്ടത്തിനായി സീറ്റുകൾ പുനർക്രമീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഒ.ബി.സി, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളെ അധികാരത്തിൽ നിന്ന് അകറ്റിനിർത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി തങ്ങളുടെ രാഷ്ട്രീയ സ്വാധീനം നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നത് കൊണ്ടാണ് ഇത്തരം കുറുക്കുവഴികൾ തേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വനിതാ സംവരണം നടപ്പിലാക്കാൻ സർക്കാരിന് ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ മണ്ഡല പുനർനിർണ്ണയത്തിനായി കാത്തുനിൽക്കാതെ പഴയ ബിൽ ഉടൻ കൊണ്ടുവരണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. ഒരു നിമിഷം പോലും വൈകാതെ അത് നടപ്പിലാക്കാൻ പ്രതിപക്ഷം പൂർണ്ണ പിന്തുണ നൽകാൻ തയ്യാറാണ്. ഇപ്പോൾ കൊണ്ടുവന്ന ബിൽ സ്ത്രീകളെ ഒരു മറയാക്കി ഉപയോഗിച്ച് പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ഒന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രസംഗത്തിനിടെ സഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വലിയ വാക്പോരും ബഹളവുമുണ്ടായി.

ഗൗരവമേറിയ ചർച്ചയ്ക്കിടെ ചില രസകരമായ പരാമർശങ്ങളും രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായി. “പ്രധാനമന്ത്രിക്കും എനിക്കും ഭാര്യമാരില്ലാത്തതുകൊണ്ട് ആ ഭാഗത്തുനിന്നുള്ള ഉപദേശങ്ങൾ കിട്ടാറില്ല, എങ്കിലും ഞങ്ങൾക്ക് അമ്മയും സഹോദരിമാരുമുണ്ട്” എന്ന രാഹുലിന്റെ പരാമർശം സഭയിൽ ചിരിപടർത്തി. കഴിഞ്ഞ 20 വർഷത്തെ തന്റെ രാഷ്ട്രീയ ജീവിതത്തിൽ തനിക്ക് സാധിക്കാത്ത ഒരു കാര്യം സഹോദരി പ്രിയങ്ക ഗാന്ധി സാധിച്ചുവെന്നും, അത് അമിത് ഷായെ ചിരിപ്പിക്കുക എന്നതായിരുന്നുവെന്നും പ്രിയങ്കയുടെ കഴിഞ്ഞദിവസത്തെ പ്രസംഗത്തെ സൂചിപ്പിച്ചുകൊണ്ട് രാഹുൽ തമാശയായി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *