ബിഹാറിൽ രാഷ്ട്രീയ അഴിച്ചുപണി! നിതീഷ് കുമാർ രാജിക്കൊരുങ്ങുന്നു

ബിഹാറിൽ ആഴ്ചകളായി നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാർ ഉടൻ സ്ഥാനമൊഴിയുമെന്ന് റിപ്പോർട്ടുകൾ. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹം മുഖ്യമന്ത്രി പദം ഒഴിയുന്നത്. ഏപ്രിൽ 14-ന് നിതീഷ് കുമാർ വിളിച്ചുചേർത്ത മന്ത്രിസഭായോഗം നിലവിലെ സർക്കാരിന്റെ അവസാന യോഗമാകാനാണ് സാധ്യത. ഇതിന് പിന്നാലെ അദ്ദേഹം ഗവർണർ സയ്യിദ് അതാ ഹസ്നൈന് രാജിക്കത്ത് കൈമാറും. പുതിയ മുഖ്യമന്ത്രി ഏപ്രിൽ 14-നോ 15-നോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന.
ബിജെപിയിൽ നിന്നുള്ള ഒരു പുതുമുഖമായിരിക്കും ബിഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെന്നാണ് അറിയുന്നത്. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നിരീക്ഷകനായി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പാർട്ടി നിയോഗിച്ചു കഴിഞ്ഞു. തനിക്ക് ലഭിക്കുന്ന ഏത് ഉത്തരവാദിത്തവും വിശ്വസ്തതയോടെ നിറവേറ്റുമെന്ന് അദ്ദേഹം പട്‌നയിലേക്കുള്ള യാത്രയ്ക്കിടെ പ്രതികരിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ പുതിയ മുഖ്യമന്ത്രിയുടെ പേര് ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ഇതിന് മുന്നോടിയായി ജെഡിയു, എൽജെപി തുടങ്ങിയ എൻഡിഎ സഖ്യകക്ഷികളുമായി ബിജെപി വിശദമായ ചർച്ചകൾ നടത്തുന്നുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറുന്നുണ്ടെങ്കിലും ബിഹാറിന്റെ വികസന കാര്യങ്ങളിൽ നിതീഷ് കുമാർ സജീവമായി തുടരുമെന്ന് ജെഡിയു വ്യക്തമാക്കി. 2025-30 കാലയളവിലേക്കുള്ള ജനവിധി നിതീഷ് കുമാറിന്റെ നയങ്ങൾക്കുള്ള അംഗീകാരമാണെന്നും പുതിയ സർക്കാർ അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശത്തിലായിരിക്കും പ്രവർത്തിക്കുകയെന്നും ജെഡിയു വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് കുമാർ ഝാ പറഞ്ഞു. പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കാൻ മാത്രമാകും നിതീഷ് കുമാർ ഡൽഹിയിലുണ്ടാകുകയെന്നും ബാക്കി സമയം ബിഹാറിന്റെ പുരോഗതിക്കായി അദ്ദേഹം നിലകൊള്ളുമെന്നും ഝാ കൂട്ടിച്ചേർത്തു.



