തിരഞ്ഞെടുപ്പ് കഴിഞ്ഞു :ഇനി ഭരണം, മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നാളെ മുതൽ സെക്രട്ടറിയേറ്റിൽ എത്തും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തേക്ക് തിരിച്ചെത്തും. നാളെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നടക്കുന്നതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് എത്തും.സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും മന്ത്രിമാരുമായ കെ.എൻ.ബാലഗോപാല്‍, പി.രാജീവ്, മുഹമ്മദ് റിയാസ്, സജി ചെറിയാൻ എന്നിവരും ഇന്ന് തിരുവനന്തപുരത്ത് എത്തും. മറ്റു മന്ത്രിമാർ തിങ്കളാഴ്ചയോടെ ഓഫീസുകളിലെത്തും. മന്ത്രിമാരായ വി.ശിവൻകുട്ടിയും ജി.ആർ.അനിലും ഇന്നലെ ഓഫീസുകളിലെത്തിയിരുന്നു. ഗള്‍ഫിലെ എസ്.എസ്.എല്‍.സി പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതലയോഗത്തിലും മന്ത്രി വി.ശിവൻകുട്ടി പങ്കെടുത്തു. സപ്ലൈകോ ഔട്ട്‌ലെറ്റുകളിലെ സാഹചര്യവും റേഷൻ വിതരണവും മന്ത്രി ജി.ആർ.അനില്‍ വിലയിരുത്തി.

തിങ്കളാഴ്ച മുതല്‍ മന്ത്രിമാർ ഓഫീസുകളിലെത്തുമെങ്കിലും നയപരമായ തീരുമാനങ്ങളെടുക്കാൻ കഴിയില്ല. പെരുമാറ്റചട്ടമുള്ളതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെ മാത്രമേ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാൻ കഴിയുകയുള്ളൂ. എന്നാല്‍ സംസ്ഥാനത്തെ ദൈനംദിന വിഷയവുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കുന്നതിനും വകുപ്പുകളിലെ വിവിധ സെക്ഷനുകള്‍ക്ക് കൈമാറുന്നതിനും തടസമില്ല.
അവലോകന യോഗങ്ങള്‍ ചേരുന്നതിനും ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങള്‍ നല്‍കുന്നതിനും തടസമില്ല. രണ്ടാഴ്ചയിലേറെ എല്ലാ മന്ത്രിമാരും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായിരുന്നു. ഈ കാലയളവിലെ വകുപ്പുകളിലെ സാഹചര്യം വിലയിരുത്തലും രണ്ടാഴ്ചക്കാലത്തെ ഫയലുകളിലെ പരിശോധനയുമാകും അടുത്ത ദിവസങ്ങളിലുണ്ടാകുക.

വോട്ടെണ്ണല്‍ ദിവസം വരെ മന്ത്രിമാരുടെ ഓഫീസുകള്‍ സജീവമായിരിക്കും. മന്ത്രി ഓഫീസുകളിലുള്ള ജീവനക്കാരും മേയ് 4 വരെ തുടരും. മറ്റു വകുപ്പുകളില്‍ നിന്നു ഡെപ്യൂട്ടേഷനിലെത്തിയ ജീവനക്കാർ മാതൃവകുപ്പിലേക്ക് തിരികെ പോകുന്നതിനുള്ള നടപടികള്‍ തുടങ്ങി. ഉത്തരവു ലഭിക്കുന്നതനുസരിച്ച്‌ ഇവരെ മാതൃവകുപ്പുകളിലേക്ക് തിരികെ അയക്കും. സർക്കാരിന്റെ ഉദ്ഘാടന പരിപടികള്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ആവശ്യമാണ്. മറ്റു ഉദ്ഘാടന ചടങ്ങുകളില്‍ മന്ത്രിമാർക്ക് പങ്കെടുക്കാൻ തടസമില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *