അമേരിക്ക -ഇറാന്‍ ചര്‍ച്ചകള്‍ ഇസ്ലാമാബാദില്‍ ഇന്നും തുടരും

അമേരിക്ക -ഇറാന്‍ ചര്‍ച്ചകള്‍ ഇസ്ലാമാബാദില്‍ ഇന്നും തുടരും. നിര്‍ദേശങ്ങളില്‍ ഇരുപക്ഷവും വിട്ടുവീഴ്ച ചെയ്തില്ല. ഇറാനെതിരെയുള്ള സൈനിക നടപടികള്‍ തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് തുറക്കാതെ ചര്‍ച്ചയില്‍ കാര്യമായ പുരോഗതിയുണ്ടാകാന്‍ ബുദ്ധിമുട്ടെന്നാണ് അമേരിക്കയുടെ നിലപാട്. ഇറാനുമായി ധാരണയിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും അമേരിക്ക വിജയിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

ഇറാന്‍- അമേരിക്ക അഞ്ചാം റൗണ്ട് ചര്‍ച്ച ഇസ്ലാമാബാദില്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് തുറക്കാത്തപക്ഷം ചര്‍ച്ചയില്‍ അര്‍ത്ഥവത്തായ പുരോഗതി കൈവരിക്കുന്നത് ബുദ്ധിമുട്ടാണെന്ന് അമേരിക്ക സൂചന നല്‍കി. ഇരുപക്ഷവും നിരവധി കരട് രേഖകള്‍ പരസ്പരം കൈമാറി. പാകിസ്ഥാനിലേക്ക് കൂടുതല്‍ ഇറാനിയന്‍ വിമാനങ്ങള്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ സംയുക്ത പട്രോളിങ്ങിനുള്ള സാധ്യത മധ്യസ്ഥ്യരാജ്യമായ പാകിസ്ഥാന്‍ മുന്നോട്ടുവച്ചതായി അല്‍ ജസീറ അറിയിച്ചു. ലെബനോണിലെ ആക്രമണങ്ങള്‍ അവസാനിക്കുന്ന കാര്യത്തിലും ഇറാന്റെ വിദേശ ആസ്തികളുടെ മരവിപ്പിക്കല്‍ പിന്‍വലിക്കുന്ന കാര്യത്തിലും പരിമിതമായ പുരോഗതി മാത്രമേ ചര്‍ച്ചകളിലുണ്ടായിട്ടുള്ളൂ.

ഇസ്ലാമാബാദ് ചര്‍ച്ച നടക്കവേ ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അമേരിക്കന്‍ പടക്കപ്പല്‍ ശ്രമിച്ചെന്നും തിരികെ പോയില്ലെങ്കില്‍ 30 മിനിറ്റിനുള്ളില്‍ ആക്രമിക്കുമെന്ന് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് അമേരിക്കന്‍ പടക്കപ്പല്‍ തിരികെ പോയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *