വിദ്യാർത്ഥിയുടെ മരണം; രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയരായ രണ്ട് അധ്യാപകരെ കോളേജ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവർക്കെതിരെയാണ് നടപടി. സംഭവത്തിൽ കോളേജ് തലത്തിൽ ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.
നെടുമങ്ങാട് സ്വദേശിയായ നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. വകുപ്പ് മേധാവി ഡോ. റാമിന്റെ ക്രൂരമായ മാനസിക പീഡനമാണ് മകന്റെ മരണത്തിന് ഇടയാക്കിയതെന്ന് നിതിന്റെ മാതാപിതാക്കൾ ആരോപിക്കുന്നു. ജാതിയുടെയും നിറത്തിന്റെയും പേരിൽ എച്ച്ഒഡി നിതിനെ നിരന്തരം അധിക്ഷേപിച്ചിരുന്നതായി പിതാവ് രാജൻ പറഞ്ഞു. “പുഴുത്ത പട്ടി” എന്ന് വിളിച്ചാണ് അധ്യാപകൻ മകനെ ആക്ഷേപിച്ചിരുന്നതെന്ന് അമ്മ ലത വിങ്ങലോടെ പങ്കുവെച്ചു.
പഠനത്തിൽ മിടുക്കനായിരുന്ന നിതിന്റെ ഇന്റേണൽ മാർക്ക് മനഃപൂർവ്വം കുറയ്ക്കുമെന്ന് അധ്യാപകൻ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയുണ്ട്. അധ്യാപകന്റെ കുടുംബപ്രശ്നങ്ങൾ വിദ്യാർത്ഥികളോട് തീർക്കുന്ന സ്വഭാവമുണ്ടായിരുന്നുവെന്നും ആരോപണമുയരുന്നു. കൂടാതെ, കോളേജിൽ ചേർന്ന സമയം മുതൽ സീനിയർ വിദ്യാർത്ഥികളിൽ നിന്ന് നിതിൻ കടുത്ത റാഗിങ്ങ് നേരിട്ടിരുന്നതായും കുടുംബം വെളിപ്പെടുത്തി.
മരണവിവരം അറിയിക്കുന്നതിൽ കോളേജ് അധികൃതർ കാണിച്ച അനാസ്ഥയും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. നിതിൻ കെട്ടിടത്തിൽ നിന്ന് വീണെന്നും പരിക്കേറ്റെന്നും മാത്രമാണ് അധ്യാപിക വിളിച്ച് അറിയിച്ചത്. മകൻ മരിച്ച വിവരം ടിവി വാർത്തകളിലൂടെയും ബന്ധുക്കൾ വിളിച്ചപ്പോഴവുമാണ് മാതാപിതാക്കൾ അറിഞ്ഞത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം.



