ശരണ്യയുടെ ‘കാട് അതിജീവനം’ കള്ളക്കഥയോ? മൊഴിയിൽ വൈരുദ്ധ്യമെന്ന് ബിജെപി

കുടകിലെ തടിയൻഡമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതാവുകയും നാല് ദിവസത്തിന് ശേഷം കണ്ടെത്തുകയും ചെയ്ത മലയാളി യുവതി ശരണ്യക്കെതിരെ ബിജെപി പരാതി നൽകി. ശരണ്യയുടെ അതിജീവന കഥ വ്യാജമാണെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ച് ബിജെപി കുടക് റൂറൽ യൂണിറ്റ് കമ്മിറ്റിയാണ് പോലീസിനെ സമീപിച്ചത്. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം.
ഏപ്രിൽ രണ്ടിന് കാണാതായ ശരണ്യയെ നാല് ദിവസത്തെ തിരച്ചിലിനൊടുവിൽ ഏപ്രിൽ അഞ്ചിനാണ് വനത്തിനുള്ളിൽ നിന്ന് കണ്ടെത്തിയത്. വഴിതെറ്റി കാട്ടിൽ അകപ്പെട്ടുവെന്നും ഒരു പാറപ്പുറത്ത് ഇരുന്നാണ് രാത്രികൾ തള്ളിനീക്കിയതെന്നുമാണ് ശരണ്യ പ്രതികരിച്ചത്. ആനകളുടെ സാന്നിധ്യമുള്ള മേഖലയായിരുന്നു ഇതെന്നും ശരണ്യ പറഞ്ഞിരുന്നു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരും ഈ പ്രദേശത്ത് ആനകളുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.
ട്രക്കിങ്ങിനായി വനംവകുപ്പിന്റെ അനുമതിയോടെ ഒൻപതംഗ സംഘത്തിനൊപ്പമാണ് ശരണ്യ പോയത്. ഒറ്റയ്ക്ക് ട്രക്കിങ്ങ് നടത്താൻ താൽപ്പര്യപ്പെട്ടിരുന്ന ശരണ്യക്ക് അതിന് അനുമതി ലഭിക്കാത്തതിനാലാണ് മറ്റ് വിനോദസഞ്ചാരികൾക്കൊപ്പം ചേർന്നത്. ശരണ്യയെ കണ്ടെത്താൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വിഷയത്തിൽ ഇടപെട്ടിരുന്നു.
സാഹസികത ഇഷ്ടപ്പെട്ടിരുന്ന ശരണ്യ കുടകിലെ ഒരു ഹോം സ്റ്റേയിലായിരുന്നു താമസം. അവിടെയുള്ളവരോട് തനിക്ക് ഒറ്റയ്ക്ക് പോകാനാണ് താൽപ്പര്യമെന്ന് ശരണ്യ മുൻപേ സൂചിപ്പിച്ചിരുന്നു. ശരണ്യയെ കണ്ടെത്തിയതിന് പിന്നാലെ ഇപ്പോൾ ഉയർന്നിരിക്കുന്ന രാഷ്ട്രീയ വിവാദങ്ങൾ സംഭവത്തിന് പുതിയൊരു തലം നൽകിയിരിക്കുകയാണ്.



