‘ജോസ് കെ മാണി സീറ്റ് വിറ്റു’; കൊട്ടിക്കലാശത്തിൽ ആളുകളെ ഇറക്കിയത് മദ്യം കൊടുത്തെന്നും മാണി സി കാപ്പൻ

കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാനും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ ജോസ് കെ.മാണിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പാലാ എംഎൽഎയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ മാണി സി.കാപ്പൻ. സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥികൾക്ക് ജോസ് കെ.മാണി സീറ്റ് വിറ്റെന്ന് മാണി സി.കാപ്പൻ ആരോപിച്ചു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു പ്രതികരണം.
പിറവമടക്കം സീറ്റുകൾക്കായി ഒൻപത് കോടി രൂപ വാങ്ങി. മറ്റ് സീറ്റുകളുടെ വിവരങ്ങൾ തത്‌കാലം പറയുന്നില്ല. കൊട്ടിക്കലാശത്തിൽ മദ്യം കൊടുത്താണ് ആളുകളെ ഇറക്കിയത്. കൊട്ടിക്കലാശമായിരുന്നില്ല, മറിച്ച് കള്ള് കളിയായിരുന്നു നടന്നതെന്നും മാണി സി.കാപ്പൻ പറഞ്ഞു.കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി, മാണി സി.കാപ്പൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് എന്നിവരാണ് പാലായിലെ സ്ഥാനാർത്ഥികൾ.
മന്ത്രിയായും എം.എൽ.എയായും അരനൂറ്റാണ്ട് കാലം പാലായെ പ്രതിനിധീകരിച്ച കെ.എം.മാണിയുടെ വിജയം തുടരാൻ കഴിഞ്ഞ തവണ മകൻ ജോസ് കെ.മാണിയ്ക്ക് കഴിഞ്ഞില്ല. അന്ന് മാണി സി.കാപ്പനോട് തോറ്റത് 15386 വോട്ടുകൾക്കായിരുന്നു. ഇക്കുറി മണ്ഡലം തിരിച്ചു പിടിക്കുമെന്ന വാശിയിലാണ് ജോസ് ഇടതുപക്ഷത്തിനൊപ്പം രണ്ടാം അങ്കത്തിനിറങ്ങുന്നത്.യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പനും ശക്തമായ രാഷ്ട്രീയ കുടുംബാടിത്തറയുണ്ട്. പിതാവ് ചെറിയാൻ ജെ.കാപ്പൻ കോൺഗ്രസ് നേതാവും തിരുവിതാംകൂർ, തിരുക്കൊച്ചി നിയമസഭകളിൽ അംഗവുമായിരുന്നു.
2006 മുതൽ പാലായിൽ ഇടതു സ്ഥാനാർത്ഥിയായിരുന്ന മാണി സി.കാപ്പൻ ആദ്യം ജയിക്കുന്നത് കെ.എം.മാണിയുടെ നിര്യാണത്തോടെ 2019ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായിട്ടാണ്. ഹാട്രിക് ലക്ഷ്യമിട്ടാണ് കാപ്പന്റെ മത്സരം.നിയമസഭയിലേയ്ക്ക് ആദ്യമായി മത്സരിക്കുന്ന ഷോൺ ജോർജ് ഏഴ് തവണ പൂഞ്ഞാർ എം.എൽ.എയായ പി.സി.ജോർജിന്റെ മകനാണ്. 2016 ൽ പി.സി.ജോർജ് ചരിത്രഭൂരിപക്ഷം നേടി ഒറ്റയ്ക്കും ജയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ തോറ്റെങ്കിലും ഇക്കുറി ബി.ജെ.പി സ്ഥാനാർത്ഥിയാണ് ജോർജ്. അച്ഛനും മകനും സ്ഥാനാർത്ഥിയെന്ന പ്രത്യേകതയുമുണ്ട്.



