ഇനിയും ട്രെക്കിംഗ് തുടരുമെന്ന് ശരണ്യ, മകളുടെ ഇഷ്ടം തടയില്ലെന്ന് മാതാപിതാക്കൾ

കോഴിക്കോട്: ട്രെക്കിംഗിനിടെ തടിയൻഡമോൾ മലനിരകളിൽ വഴിതെറ്റി കൊടുംകാട്ടിൽ നാലുദിവസം കുടുങ്ങിയ ശരണ്യ വീട്ടിലെത്തി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് നാദാപുരത്തെ വീട്ടിലെത്തിയത്. ഇനിയും ട്രെക്കിംഗ് തുടരുമെന്നായിരുന്നു വീട്ടിലെത്തിയ ശരണ്യയുടെ പ്രതികരണം. മകളുടെ ഇഷ്ടം തടയില്ലെന്ന് മാതാപിതാക്കളും പറഞ്ഞു. ഏപ്രിൽ രണ്ടിനാണ് കർണാടക കുടകിലെ വനത്തിൽ ട്രെക്കിംഗിനിടെ ശരണ്യയെ കാണാതാകുന്നത്.

കൊച്ചിയിൽ സോഫ്റ്റ്‌വെയർ എൻജിനിയറായ ശരണ്യ ഏപ്രിൽ ഒന്നിന് ഒറ്റയ്ക്കാണ് കുടകിലെ തടിയൻഡമോൾ കൊടുമുടി കയറാൻ എത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപ്പാടി ഗ്രാമത്തിലെ ഹോംസ്റ്റേയിൽ മുറിയെടുത്തു. ഏപ്രിൽ രണ്ടിന് രാവിലെ 8.15ന് ബംഗളൂരുവിൽ നിന്നും ഹൈദരാബാദിൽ നിന്നുമുള്ള ഒൻപതു പേരടങ്ങിയ സംഘത്തോടൊപ്പം ട്രെക്കിംഗ് ആരംഭിച്ചു. മടക്കയാത്രയിൽ നായ്‌ക്കൊപ്പം കളിച്ചുകൊണ്ട് ശരണ്യ താഴേക്ക് ഇറങ്ങിയപ്പോൾ, സംഘത്തിലുള്ളവർ തൊട്ടുമുകളിലായിരുന്നു.

അവരുടെ അടുത്തെത്താൻ ഇടതുഭാഗത്തുകൂടി ചുറ്റിവന്നെങ്കിലും ആരെയും കണ്ടില്ല.വൈകുന്നരം 6.45വരെ നടന്നു. സുഹൃത്തിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫ് ആയി. കൈയിൽ 500 മില്ലിയുടെ ഒരു വെള്ളക്കുപ്പി മാത്രമാണ് ഉണ്ടായിരുന്നു. കാട്ടിൽ ഒറ്റയ്ക്ക് മൂന്നു രാത്രികൾ തരണം ചെയ്ത ശേഷം ഇന്നലെ ഉച്ചകഴിഞ്ഞ് ദൗത്യ സംഘത്തിലുണ്ടായിരുന്ന പ്രദേശവാസികളാണ് ശരണ്യയെ കണ്ടെത്തുന്നത്.

മലനിരകളിൽ നിന്ന് ആനകൾ ഇറങ്ങിവന്ന് വെള്ളം കുടിച്ചും നീന്തിത്തുടിച്ചും പോകുന്ന അരുവിയുടെ കരയിലാണ് മൂന്ന് രാത്രികളിൽ ശരണ്യ വിശ്രമിച്ചത്. കാട്ടരുവിയിലെ വെള്ളം കുടിച്ച് വിശപ്പകറ്റുകയും രക്ഷകർ എത്തുമെന്ന് അടിയുറച്ചു വിശ്വസിക്കുകയും ചെയ്ത ശരണ്യ അല്പംപോലും പതറിയില്ല. മൂന്നു ദിവസമായി കേരളം മുഴുവൻ തന്നെ തെരയുകയാണെന്ന കാര്യമൊന്നും ശരണ്യ അറിഞ്ഞിരുന്നില്ല. ബേസ് ക്യാമ്പിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള കാട്ടിനുള്ളിലാണ് ശരണ്യ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *