വിജയ്‌യുടെ സത്യവാങ്മൂലത്തിൽ പൊരുത്തക്കേട്; കേസുകൾ മറച്ചുവെച്ചെന്ന് പരാതി; പത്രിക വീണ്ടും സമർപ്പിച്ചേക്കും

മിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് സമർപ്പിച്ച സത്യവാങ്മൂലങ്ങളിലെ പൊരുത്തക്കേടുകൾ വിവാദമാകുന്നു. പെരമ്പൂർ, തിരുച്ചിറപ്പള്ളി (ഈസ്റ്റ്) എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് വിജയ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. പെരമ്പൂരിൽ നൽകിയ സത്യവാങ്മൂലത്തിൽ തനിക്കെതിരെ കേസുകളൊന്നുമില്ലെന്ന് വ്യക്തമാക്കിയ വിജയ്, തിരുച്ചിറപ്പള്ളിയിൽ നൽകിയ പത്രികയിൽ രണ്ട് കേസുകൾ നിലവിലുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2025-ൽ പെരവല്ലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കേസ് പെരമ്പൂരിലെ ഫയലിംഗിൽ ഉൾപ്പെടുത്താത്തതാണ് പ്രധാനമായും ചോദ്യം ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ തെറ്റുകൾ തിരുത്തി പുതുക്കിയ സത്യവാങ്മൂലം സമർപ്പിക്കേണ്ടി വരുമെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

തിരഞ്ഞെടുപ്പ് രേഖകൾ പ്രകാരം 603.20 കോടി രൂപയുടെ ആസ്തിയാണ് വിജയ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 213 കോടി രൂപയുടെ നിക്ഷേപവും ബിഎംഡബ്ല്യു ഐ7, ടൊയോട്ട വെൽഫയർ, ലെക്സസ് തുടങ്ങിയ ആഡംബര വാഹനശേഖരവും ഇതിൽ ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ ഭാര്യ സംഗീതയ്ക്ക് 15.76 കോടി രൂപയുടെ പ്രത്യേക ആസ്തിയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. വ്യക്തിജീവിതത്തിലെ പ്രതിസന്ധികൾക്കിടയിലാണ് വിജയ് രാഷ്ട്രീയ പോരാട്ടത്തിന് ഇറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. സംഗീത കഴിഞ്ഞ മാസം വിവാഹമോചനത്തിന് അപേക്ഷ നൽകിയതായുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.

ഏപ്രിൽ 23-ന് ഒറ്റഘട്ടമായാണ് തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നത്. മെയ് 4-നാണ് വോട്ടെണ്ണൽ. രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള വിജയ്‌യുടെ ആദ്യ തിരഞ്ഞെടുപ്പ് എന്ന നിലയിൽ വലിയ ആവേശത്തിലാണ് ആരാധകർ. എന്നാൽ സത്യവാങ്മൂലത്തിലെ വിവരങ്ങൾ മറച്ചുവെച്ചു എന്ന ആരോപണം രാഷ്ട്രീയ എതിരാളികൾ വലിയ ചർച്ചയാക്കുന്നുണ്ട്. നാമനിർദ്ദേശ പത്രികകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ ഈ പൊരുത്തക്കേടുകൾ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *