‘കർമ്മ ആരെയും വെറുതെ വിടില്ല’; രഞ്ജിത്തിന്റെ അറസ്റ്റിൽ പ്രതികരിച്ച് ബംഗാളി നടി

ഡൽഹി : കർമ്മ ആരെയും വെറുതെ വിടില്ലെന്ന് സംവിധായകൻ രഞ്ജിത്തിനെതിരെ നേരത്തെ പരാതി നൽകിയ ബംഗാളി നടി. പുതിയ സംഭവം രഞ്ജിത്ത് ഒരു നല്ല മനുഷ്യൻ അല്ലെന്ന് തെളിയിച്ചെന്ന് നടി പ്രതികരിച്ചു. രഞ്ജിത്തിനെതിരെ പരാതി നൽകിയ നടിക്ക് നന്ദി പറയുന്നുവെന്നും പറഞ്ഞു. തനിക്ക് സംഭവിച്ചത് തുറന്നു പറയാൻ 15 വർഷമെടുത്തു. കാലതാമസമെന്ന സാങ്കേതിക കാരണം പറഞ്ഞ് തന്റെ കേസ് റദ്ദാക്കി. വേട്ടക്കാരെ ജയിലിലടയ്ക്കുക തന്നെ വേണമെന്നും നടി ആവശ്യപ്പെട്ടു. 2009ൽ പാലേരി മാണിക്യം സിനിമയ്ക്കിടെയുണ്ടായ സംഭവം 2024ലാണ് ബംഗാളി നടി തുറന്നു പറഞ്ഞത്. ആ കേസിൽ തനിക്ക് നീതി ലഭിച്ചില്ലെന്നും താൻ പറഞ്ഞത് സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നുവെന്നും നടി പറഞ്ഞു.
രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നുമായിരുന്നു നടി വെളിപ്പെടുത്തിയത്. 2009 ൽ ‘പാലേരി മാണിക്യം’ സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചിയിലെ ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു സംഭവമെന്നും നടി വെളിപ്പെടുത്തിയിരുന്നു. ഈ കേസിൽ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ നൽകി. എന്നാൽ കേസ് കഴിഞ്ഞ ഒക്ടോബറിൽ ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. 2009ൽ നടന്ന സംഭവത്തിൽ കേസെടുക്കുന്നതിന് മജിസ്ട്രേറ്റ് കോടതിക്കുള്ള സമയ പരിധി അവസാനിച്ചു എന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി.
2012 ൽ ബെംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ച് സംവിധായകൻ രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നൽകിയിരുന്നു.’ബാവുട്ടിയുടെ നാമത്തിൽ’ സിനിമയുടെ ലൊക്കേഷനിൽ വെച്ച് പരിചയപ്പെട്ട ശേഷം ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും നഗ്നചിത്രങ്ങൾ എടുത്തെന്നും യുവാവ് മൊഴി നൽകി. ഈ ആരോപണത്തിൽ രഞ്ജിത്തിനെതിരെ എറണാകുളം നോർത്ത് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
പരാതി നൽകിയതിൽ ഉണ്ടായ 12 വർഷത്തെ കാലതാമസം ചൂണ്ടിക്കാട്ടി കർണാടക ഹൈക്കോടതി 2025 ജൂലൈയിൽ ഈ കേസ് റദ്ദാക്കുകയായിരുന്നു. ഈ രണ്ടു കേസിന് പിന്നാലെയാണ് മൂന്നാമതൊരു കേസ് കൂടി രഞ്ജിത്തിനെതിരെ എത്തുന്നത്. സിനിമാ ചിത്രീകരണത്തിനിടെ കാരവാനിൽ വെച്ച് ലൈംഗിക അതിക്രമം നേരിട്ടെന്നാണ് നടിയുടെ പരാതി.
ജനുവരി 9-ന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ച് കാരവാനിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്.
ബിഎൻഎസ് പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതിക്രമത്തെ തുടർന്ന് വലിയ മാനസികാഘാതം നേരിട്ട താൻ കൗൺസിലിംഗിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നതെന്നും നടി പറഞ്ഞു. നടിയുടെ രഹസ്യ മൊഴിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്. രഞ്ജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



