വിജയിച്ചാൽ 48 മണിക്കൂറിനുള്ളിൽ യുഡിഎഫ് മുഖ്യമന്ത്രി! പിണറായിയെ താഴെയിറക്കാൻ ജനം ഒരുങ്ങി: എ.കെ. ആന്റണി

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ജനങ്ങൾ തയ്യാറെടുത്തു കഴിഞ്ഞുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. തിരഞ്ഞെടുപ്പിൽ യുഡിഎഫ് തിളക്കമാർന്ന വിജയം നേടുമെന്നും ഭരണം ലഭിച്ചാൽ വെറും 48 മണിക്കൂറിനുള്ളിൽ യുഡിഎഫ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളുമായി സമ്പർക്കമില്ലാത്ത, പിആർ വർക്കിലൂടെ മാത്രം മുഖം മിനുക്കുന്ന ഭരണാധികാരിയായി മാറിയെന്ന് ആന്റണി പരിഹസിച്ചു. സെക്രട്ടേറിയറ്റിനെ അദ്ദേഹം ഒരു രാവണൻ കോട്ടയാക്കി മാറ്റിയിരിക്കുകയാണ്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെപ്പോലും നേരിടാൻ കഴിയാത്ത അസഹിഷ്ണുതയാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നത്. കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ശക്തമായ അന്തർധാരയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ പത്ത് വർഷം കൊണ്ട് കേരളം വികസനത്തിൽ ഏറെ പിന്നോട്ട് പോയി. അയൽസംസ്ഥാനങ്ങളായ കർണാടകയും തമിഴ്നാടും തെലങ്കാനയും കുതിച്ചുചാട്ടം നടത്തുമ്പോൾ കേരളം ആറ് ലക്ഷം കോടിയുടെ കടക്കെണിയിലാണ്. 40 ലക്ഷം പേർക്ക് തൊഴിൽ നൽകുമെന്ന് പറഞ്ഞ സർക്കാർ പ്രവാസത്തിന് തടയിടുന്നതിൽ പരാജയപ്പെട്ടു. ഇത്തവണ ഏറ്റവും കൂടുതൽ റിബലുകൾ മത്സരിക്കുന്നത് ഇടതുപക്ഷത്താണ്. എസ്എഫ്‌ഐയുടെ സ്ഥാപക പ്രസിഡന്റ് ജി. സുധാകരൻ പോലും യുഡിഎഫ് പിന്തുണയോടെ ഇടതിനെതിരെ മത്സരിക്കുന്നത് ഇതിന് തെളിവാണ്.

മതസൗഹാർദം നിലനിൽക്കുന്ന കേരളത്തിന്റെ മണ്ണിൽ ബിജെപിക്ക് വളരാനാകില്ലെന്ന് ആന്റണി പറഞ്ഞു. മോദിയും അമിത് ഷായും കോൺഗ്രസിനെ ഇല്ലാതാക്കാൻ സിപിഎമ്മിനെ സഹായിക്കുകയാണ്. പ്രധാനമന്ത്രിയെ കാണാൻ മുഖ്യമന്ത്രിക്ക് ലഭിക്കുന്ന പ്രത്യേക പരിഗണനകൾ ഇതിന്റെ സൂചനയാണ്. എന്നാൽ പ്രബുദ്ധരായ മലയാളികൾ ഇതെല്ലാം തിരിച്ചറിയുന്നുണ്ടെന്നും കേരളം യുഡിഎഫ് തൂത്തുവാരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *