പാചകവാതക ലഭ്യതക്കുറവ് രൂക്ഷമാകവേ വൻ പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ ഹോട്ടൽ മേഖല

തിരുവനന്തപുരം: പാചകവാതക ലഭ്യതക്കുറവ് രൂക്ഷമാകവേ വൻ പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ ഹോട്ടൽ മേഖല. സംസ്ഥാനത്തെ പകുതിയിലേറെ ഹോട്ടലുകളും റെസ്റ്റോറന്റുകളും പൂട്ടിയ നിലയിലാണ്. ഇതോടെ ഇവിടങ്ങളിൽ ജോലി ചെയ്യുകയായിരുന്ന ഭൂരിപക്ഷം അതിഥിത്തൊഴിലാളികളും നാട്ടിലേയ്ക്ക് മടങ്ങി. പാചകവാതക ക്ഷാമം പരിഹരിച്ചാലും ജോലി ചെയ്യാൻ ആളില്ലാത്തത് പ്രതിസന്ധി തീർക്കുകയാണ്.

ആസൂത്രണബോർഡിന്റെ റിപ്പോർട്ടനുസരിച്ച് ഹോട്ടൽ,​ റെസ്റ്റോറന്റ് മേഖലയിൽ ഏകദേശം മൂന്നരലക്ഷമാണ് മൊത്തം തൊഴിലാളികൾ. ഇവരിൽ 1.70 ലക്ഷമാണ് അതിഥിത്തൊഴിലാളികൾ. ഇവരിൽ ഭൂരിപക്ഷവും പശ്ചിമബംഗാൾ,​ ആസാം സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.കേരളത്തിൽ നിലവിൽ 60,000 റെസ്റ്റോറന്റുകളും 20,000 താമസ സൗകര്യമുള്ള ഹോട്ടലുകളുമാണുള്ളത്. സധാരണ ഹോട്ടലുകളും തട്ടുകടകളും കൂടി ചേർത്താൽ ഒന്നേക്കാൽ ലക്ഷത്തോളം ഭക്ഷണശാലകളാണുള്ളത്.

ഇതിൽ പകുതിയും പൂട്ടിയ നിലയിലാണിപ്പോൾ. ഭാഗികമായി എൽപിജി ലഭിച്ചുവെങ്കിലും തൊഴിലാളിക്ഷാമം ആശങ്ക വർദ്ധിപ്പിക്കുന്നുവെന്ന് കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ പറയുന്നു.എൽപിജി ക്ഷാമത്തിന്റെ ഫലമായി കേരളത്തിലെ ടൂറിസം മേഖല പൂർണമായി നിലച്ചെന്ന് കേരള ടൂറിസം ഡെവലപ്പ്‌മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കോട്ടുകാൽ കൃഷ്‌ണകുമാർ പറഞ്ഞു.

ഈദ്,​ എസ്‌ഐർആർ ഫോം പൂരിപ്പിക്കൽ,​ നിയമസഭാ തിരഞ്ഞെടുപ്പ്,​ പാചകവാതക പ്രതിസന്ധി തുടങ്ങിയ കാരണങ്ങളാൽ അതിഥിത്തൊഴിലാളികളിൽ നല്ലൊരുപങ്കും സ്വദേശങ്ങളിലേയ്ക്ക് മടങ്ങിയെന്ന് സെന്റർ ഫോർ മൈഗ്രേഷൻ ആന്റ് ഇൻക്ളൂസീവ് ‌ഡെവലപ്പ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഡോ.ബിനോയ് പീറ്റർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *