രാഷ്ട്രീയ പാർട്ടികൾക്കുള്ള കത്തിൽ ബിജെപി സീൽ; അസിസ്റ്റന്റ് സെക്ഷൻ ഓഫീസർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച ഔദ്യോഗിക കത്തിൽ ബിജെപി കേരള ഘടകത്തിന്റെ സീൽ പതിഞ്ഞ സംഭവത്തിൽ നടപടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ. സംഭവത്തിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറെ സസ്‌പെൻഡ് ചെയ്തു. വിഷയം വലിയ രാഷ്ട്രീയ വിവാദമായതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. നേരത്തെ പിഴവ് സമ്മതിച്ച് കമ്മീഷൻ രംഗത്തെത്തിയിരുന്നു. പിഴവ് സമ്മതിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ ഖേൽക്കർ ഇത് സാങ്കേതികമായ ക്ലറിക്കൽ പിശക് മാത്രമാണെന്ന് വ്യക്തമാക്കി.

സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം സംബന്ധിച്ച 2019ലെ മാർഗനിർദ്ദേശങ്ങളിൽ വ്യക്തത തേടി ബിജെപി സംസ്ഥാന ഘടകം സിഇഒ ഓഫീസിനെ സമീപിച്ചിരുന്നു. ഇതിനായി അവർ സമർപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വച്ചിരുന്ന 2019ലെ കത്തിന്റെ പകർപ്പിലാണ് ബിജെപിയുടെ സീൽ ഉണ്ടായിരുന്നത്. ബിജെപി നൽകിയ ഈ കത്ത് അശ്രദ്ധ മൂലം മറ്റ് രാഷ്ട്രീയപാർട്ടികൾക്കും അയച്ചു കൊടുക്കുകയായിരുന്നു. എന്നാൽ മാർച്ച് 21ന് തന്നെ ഈ പിശക് ശ്രദ്ധയിൽപ്പെട്ടതായും ഉടൻ തന്നെ ആ നിർദ്ദേശം പിൻവലിച്ച് എല്ലാ പാർട്ടികൾക്കും ജില്ലാ കളക്ടർമാർക്കും അറിയിപ്പ് നൽകിയതായും കമ്മിഷൻ അറിയിച്ചു. ക്ലറിക്കൽ പിഴവ് ഉയർത്തിക്കാട്ടി തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു.ബിജെ​പിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നതെന്ന വിമർശനത്തോടെയാണ് സിപിഎം ആരോപണവുമായി രംഗത്ത് വന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഏജന്റായി പ്രവർത്തിക്കുന്നു എന്ന ആരോപണം ദേശീയതലത്തിലും സിപിഎം ഉന്നയിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *