സർക്കാർ പരസ്യങ്ങൾ പെരുമാറ്റച്ചട്ട ലംഘനം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം നിലവിൽ വന്നിട്ടും പൊതുസ്ഥലങ്ങളിൽ സർക്കാർ പരസ്യങ്ങൾ തുടരുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് ഇതുസംബന്ധിച്ച് ഔദ്യോഗികമായി പരാതി നൽകിയത്.

സർക്കാർ നേട്ടങ്ങൾ വിവരിക്കുന്ന പരസ്യങ്ങൾ കെഎസ്ആർടിസി ബസുകളിൽ പ്രദർശിപ്പിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കോൺഗ്രസ് ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇത് ചട്ടലംഘനമാണെന്നും പരാതിയിൽ പറയുന്നു. സർക്കാർ ഓഫീസുകളിലും സമാനമായ രീതിയിൽ പരസ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ചു. സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന മാർഗനിർദ്ദേശങ്ങൾ നിലനിൽക്കെയാണ് ഇവ ഇപ്പോഴും പ്രദർശിപ്പിക്കുന്നത്. ഇത് ചട്ടലംഘനമാണെന്നും ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *