വയോധികയുടെ മരണം; മരുമകളും കാമുകനും ചേർന്ന് നടത്തിയ കൊലപാതകമെന്ന് പൊലീസ്

ലക്‌നൗ: വയോധികയെ മരുമകളും കാമുകനും ചേർന്ന് ശ്വാസം മുട്ടിച്ചു കൊന്നു. 69 വയസുകാരിയായ നിർമ്മലാദേവിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മരുമകൾ രഞ്ജനയെയും കാമുകൻ രാജനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. നിർമ്മലയുടെ കൈകാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നെന്നും കഴുത്തിൽ മുറിവേറ്റ പാടുകളുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു.
ലക്‌നൗവിലെ നിഷത്‌ഗഞ്ചിലെ ഇരുനില വീടിന്റെ താഴത്തെ നിലയിലാണ് നിർമ്മലാദേവിയുടെ കുടുംബം താമസിച്ചിരുന്നത്. മകൻ ത്രിദേശും ഇയാളുടെ ഭാര്യ രഞ്ജനയും അവരുടെ മൂന്നുകുട്ടികളും അടങ്ങുന്നതായിരുന്നു നിർമ്മലാദേവിയുടെ കുടുംബം. മൂന്നുവർഷമായി ഇവരുടെ വീടിന്റെ മുകളിലത്തെ നിലയിൽ വാടകയ്‌ക്ക് താമസിക്കുന്നയാളാണ് രാജൻ. ഇയാളുമായി യുവതിക്ക് പ്രണയബന്ധമുണ്ടെന്ന് വയോധിക കണ്ടുപിടിച്ചിരുന്നു.
താൻ ജോലിക്കുപോകുന്ന സമയത്ത് രാജനുമായി കൂടിക്കാഴ്‌ച നടത്തുന്നത് എതിർത്തതിനാണ് ഭാര്യയും കാമുകനും ചേർന്ന് കൃത്യം നടത്തിയതെന്ന് ത്രിദേശ് നൽകിയ പരാതിയിൽ പറയുന്നു. രാജനുമായുള്ള വിവാഹേതര ബന്ധം രഞ്ജനയുടെ വീട്ടുകാർക്ക് അറിയാമായിരുന്നെന്നും അവർ എതിർത്തതിനുശേഷവും യുവതി ബന്ധം തുടരുകയായിരുന്നെന്നും പരാതിയിലുണ്ട്.ദമ്പതികളുടെ 14 വയസുകാരനായ മകൻ ആദിത്യയാണ് വീടിനുള്ളിൽ കൈയും കാലും കൂട്ടിക്കെട്ടിയ നിലയിൽ വൃദ്ധയുടെ മൃതദേഹം ആദ്യം കാണുന്നത്.
സംഭവസമയത്ത് ത്രിദേശ് ജോലിസ്ഥലത്തായിരുന്നു. ആദിത്യവിളിച്ചതിനെത്തുടർന്ന് വീട്ടിലെത്തിയ ത്രിദേശ് ഉടൻതന്നെ പൊലീസിനെ വിവരമറിയിച്ചു. വൃദ്ധയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ മോഷണം പോയിരുന്നു. വീട്ടിലെ സിസിടി ക്യാമറകൾ കുറച്ച് സമയത്തേക്ക് മാത്രം പ്രവർത്തനരഹിതമായത് പൊലീസിന്റെ സംശയം വർദ്ധിപ്പിച്ചു. ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. സംഭവസ്ഥലത്തുനിന്നും സ്‌നിഫർ ഡോഗ് ഓടിയെത്തിയത് രാജന്റെ അടുത്തേക്കാണ്. സംഭവസമയം താൻ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് രാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ, പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.



