നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിൽ തകർത്ത് വീടിനുള്ളിലേക്ക് ഇടിച്ചുകയറി

കോഴിക്കോട്: നിയന്ത്രണം വിട്ട സ്വകാര്യ ബസ് മതിൽ തകർത്ത് വീടിനുള്ളിലേക്ക് ഇടിച്ചുകയറി. കോഴിക്കോട് അഴിഞ്ഞിലത്താണ് സംഭവം. അപകടസമയത്ത് ബസിനുള്ളിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അഴിഞ്ഞിലം സ്വദേശി മേത്തൽതൊടി പ്രദീപിന്റെ വീട്ടിലേക്കാണ് ബസ് ഇടിച്ചുകയറിയത്. വീടിന്റെ ഭിത്തിയിൽ ഇടിച്ചാണ് ബസ് നിന്നത്. കാരാടിയിൽ നിന്ന് സർവീസ് തുടങ്ങുന്ന ബസാണിത്. ആളുകളെ എടുക്കാൻ അവിടേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. ബസിൽ യാത്രക്കാരില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. നിസാര പരിക്കേറ്റ ഡ്രൈവർ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

തലനാരിഴയ്‌ക്കാണ് വീട്ടുകാർ രക്ഷപ്പെട്ടത്. വീടിന്റെ വലിയ ജനാലകൾ പൂർണമായും തകർന്നിട്ടുണ്ട്. പൊട്ടിയ മതിലിന്റെ ഭാഗങ്ങൾ ഉൾപ്പെടെ വീടിനുള്ളിൽ കിടക്കുന്ന അവസ്ഥയിലാണ്. വീട്ടുപകരണങ്ങളും തകർന്നിട്ടുണ്ട്. വീട്ടിന്റെ മുൻഭാഗത്തെ മുറിയിൽ ഗൃഹനാഥയും കുട്ടിയും ഉറങ്ങുകയായിരുന്നു. ബസ് നിയന്ത്രണം വിട്ടപ്പോൾ തന്നെ ഡ്രൈവർ ചാടിയിറങ്ങി ഓട്ടോ പിടിച്ച് ആശുപത്രിയിൽ പോയതായാണ് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ കാണുന്നതെന്ന് ഗൃഹനാഥ പറഞ്ഞു.

ചുവരിന് പകരം ജനാലയിലാണ് ഇടിച്ചിരുന്നതെങ്കിൽ ബസ് വീടിനുള്ളിലേക്ക് കയറി തങ്ങളുടെ ജീവൻ പോലും നഷ്‌ടമായേനെ എന്നും ഞെട്ടലോടെ അവർ പറഞ്ഞു.ബസ് അമിതവേഗതയിലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ബസ് ഉടമകളെ വിളിച്ചെങ്കിലും കോളെടുത്തിട്ടില്ല. പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ഇതിന് മുമ്പും പ്രദേശത്ത് ചെറിയ രീതിയിലുള്ള അപകടങ്ങളുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ബസ് പൂർണമായും തകർന്ന നിലയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *