നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ ഇനി പേരു ചേർക്കാനാകില്ല

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ ഇനി പേരു ചേർക്കാനാകില്ല. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള തീയതി നാളെ അവസാനിക്കാനിരിക്കെ, നാളെവരെ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും, 10 ദിവസം മുൻപു വരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ അറിയിച്ചു.
അപേക്ഷ സ്വീകരിച്ച് വോട്ടർപ്പട്ടികയിൽ ഇടം പിടിക്കുന്നതുവരെ നീളുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പരമാവധി വേണ്ടത് 10 ദിവസമാണ്. അതിനാൽ മാർച്ച് 15 വരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹമാകുന്നത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനശേഷമാണ് ഇനി പുതിയ അപേക്ഷകൾ സ്വീകരിക്കുകയോ മാർച്ച് 15 നു ശേഷം ലഭിച്ച അപേക്ഷകളിൽ നടപടി സ്വീകരിക്കുകയോ ചെയ്യുകയെന്നും അദ്ദേഹം അറിയിച്ചുഅതേസമയം തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാൻഡമൈസേഷൻ പൂർത്തിയായി.
ഒന്നാം ഘട്ട റാൻഡമൈസേഷനിൽ തിരഞ്ഞെടുക്കപ്പെട്ട 19052 ഉദ്യോഗസ്ഥരിലെ 9526 പ്രിസൈഡിങ് / ഫസ്റ്റ് പോളിംഗ് ഓഫീസർമാർ, 106 മൈക്രോ ഒബ്സർമാർ എന്നിവർക്ക് മാർച്ച് 24 ന് പരിശീലനം നൽകുമെന്ന് റാൻഡമൈസേഷൻ നടപടികൾ പൂർത്തിയാക്കികൊണ്ട് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും കളക്ടറുമായ അനു കുമാരി അറിയിച്ചു.തിരഞ്ഞെടുക്കപ്പെട്ട 20 പോളിംഗ് സ്റ്റേഷനുകളിൽ രാവിലെയും ഉച്ചക്കുമായി രണ്ട് സെഷനുകളിലായാണ് പരിശീലനം നൽകുക. പരിശീലനം മാർച്ച് 28ന് സമാപിക്കും.
ജീവനക്കാരെ പരിശീലനത്തിന് നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് order.ceo.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും വ്യക്തിഗത ലോഗിൻ മുഖേനയോ ഓഫീസ് മേധാവികളുടെ ലോഗിൻ മുഖേനയോ ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഉത്തരവുകളിൽ വ്യക്തമാക്കിയിട്ടുള്ള തീയ്യതികളിൽ അതത് പരിശീലന കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥർ നിർബന്ധമായും പരിശീലനത്തിൽ പങ്കെടുക്കണം.
തപാൽ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനായി ഇലക്ഷൻ വോട്ടർ ഐ ഡി പരിശീലനത്തിനെത്തുന്നവർ കയ്യിൽ കരുതേണ്ടതാണ്. നിലവിൽ പരീക്ഷ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന അദ്ധ്യാപകർക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള ദിവസം പരിശീലനത്തിൽ പങ്കെടുക്കാൻ കഴിയാതെ വരികയാണെങ്കിൽ 24 മുതൽ 28 വരെയുള്ള ഏതെങ്കിലും തീയതിയിൽ അതേ പരിശീലന കേന്ദ്രത്തിൽ അവർ പരിശീലനം നേടേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.



