ദേശീയ പാതയിൽ വരാൻപോകുന്നത് വമ്പൻ മാറ്റം

ന്യൂഡൽഹി: ഇന്ത്യയിലെ ദേശീയ പാതകളിൽ നിന്ന് ടോൾ ബൂത്തുകൾ അപ്രത്യക്ഷമാകുമെന്ന ഉറപ്പുമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി. റോഡിൽ വാഹനങ്ങൾ തടയാതെയുള്ള ടോൾ പിരിവാണ് പകരം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഫ്രീ ഫ്ലോ തടസരഹിത ടോൾ പിരിവ് സംവിധാനത്തിന്റെ പരീക്ഷണപ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ഈ സംവിധാനം പൂർണമായും നടപ്പിലാക്കുന്നതിനുമുൻപ് ടോൾ നിയമങ്ങളിൽ മാറ്റം വരുത്താനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ.
ടോൾ അടയ്‌ക്കാതെ കടന്നുപോകുന്ന വാഹനങ്ങൾക്കെതിരെ സ്വീകരിക്കേണ്ട നടപടികളാണ് പ്രധാനമായും ഈ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടോൾ നിരക്കിന്റെ ഇരട്ടിവരെ പിഴ ഈടാക്കുക, വാഹൻ ഡേറ്റാബേസുമായി സംയോജിപ്പിച്ചുള്ള കർശന നിരീക്ഷണം ഉറപ്പാക്കുക എന്നിവയാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന ഡിജിറ്റൽ എൻഫോഴ്‌സ്മെന്റ് സംവിധാനത്തിൽ നിർദേശിച്ചിരിക്കുന്നത്. ദേശീയപാതകളിലെ ടോൾ ചട്ടങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്രസർക്കാർ പുതിയ നിർദേശങ്ങൾ നടപ്പിലാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.ഇലക്‌ട്രോണിക് ടോൾ കളക്ഷൻ സംവിധാനത്തിൽ റെക്കോഡ് ചെയ്യപ്പെട്ടതിനുശേഷവും ടോൾ അൺപെയ്‌ഡ് ആകാം.
ഫാസ്റ്റ് ടാഗിൽ മതിയായ ബാലൻസ് ഇല്ലാത്തത് മൂലമോ ഫാസ്റ്റ് ടാഗിനുണ്ടാകുന്ന കേടുപാടിനെ തുടർന്നോ, സാങ്കേതിക തകരാർ മൂലമോ ടോൾ അൺപെയ്‌ഡ് ആയി കണക്കാക്കും. പുതിയ നിയമപ്രകാരം മെസേജ്, ഇ-മെയിൽ സന്ദേശം, മൊബൈൽ ആപ്പുകൾ തുടങ്ങിയ സംവിധാനങ്ങളിലൂടെ വാഹന ഉടമയെ ഇക്കാര്യം അറിയിക്കുമെന്നാണ് വിവരം. വാഹനത്തിന്റെ നമ്പർ, ടോൾ അടയ്‌ക്കാതെ യാത്രചെയ്‌ത മേഖലയുടെ വിവരങ്ങൾ, ടോളും പിഴയും ഉൾപ്പടെ അടയ്‌ക്കേണ്ട തുക, യാത്രാദിവസം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയാകും നോട്ടീസ് നൽകും. ഈ തുക അടയ്‌ക്കാത്തപക്ഷം പിഴയായി ടോൾതുകയുടെ ഇരട്ടി പൈസ ഈടാക്കുമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്.
നോട്ടീസ് ലഭിച്ച് 72 മണിക്കൂറിനുള്ളിൽ ടോൾ അടച്ചാൽ പിഴത്തുകയിൽ നിന്നും ഒഴിവാകും.ടോൾപ്ലാസയിൽ സ്ഥാപിച്ചിട്ടുള്ള നമ്പർ പ്ലേറ്റ് റെക്കഗ്‌നീഷൻ ക്യാമറയുടെയും ഹൈസ്‌പീഡ് ഫാസ്‌ടാഗ് റീഡറുകളുടെയും സഹായത്തോടെ ഫാസ്‌ടാഗ് സ്‌കാൻ ചെയ്‌ത് ടോൾ നിരക്ക് ഈടാക്കുന്ന സംവിധാനമാകും പുതിയതായി നടപ്പിലാക്കുന്നത്. നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ ഇന്ത്യൻ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് ആണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. ഗതാഗതക്കുരുക്ക് തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.



