‘നേമത്ത് വലിയ പ്രതീക്ഷ, വി ശിവന്‍കുട്ടി പരാജയപ്പെട്ട എംഎല്‍എയും മന്ത്രിയും’; രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍. ‘നേമത്തോട് തനിക്ക് കടപ്പാടുണ്ട്, അവിടെ വലിയ പ്രതീക്ഷയുണ്ട്. തിരുവനന്തപുരത്ത് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന് എന്നെ തോല്‍പിക്കുകയായിരുന്നു’വെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നേമത്ത് എതിര്‍ സ്ഥാനാര്‍ഥിയായ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്‌തു അദേഹം. ‘മന്ത്രി വി ശിവന്‍കുട്ടി എപ്പോഴും എന്നെ വിമര്‍ശിക്കുന്നത് സ്നേഹം കൊണ്ടാകാം. വി ശിവന്‍കുട്ടി പരാജയപ്പെട്ട എംഎല്‍എയും മന്ത്രിയുമാണ്’ എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്‍റെ പ്രതികരണം.

പോര് കടുക്കുന്ന നേമം

നേമം മണ്ഡലത്തില്‍ വാശിയേറിയ പോരാട്ടമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. മുതിര്‍ന്ന സിപിഎം നേതാവും മന്ത്രിയുമായ വി ശിവന്‍കുട്ടിയാണ് നേമത്ത് എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരിനാഥനാണ് യുഡിഎഫിനായി മത്സരരംഗത്തിറങ്ങുന്നത്. ശബരിനാഥന്‍ നിലവില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറാണ്. എഎപിക്കായി വിനു കെ-യും ഹിന്ദു മഹാസഭയ്‌ക്കായി സ്വാമി ബദ്രാനന്ദും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്.

എൽഡിഎഫും യുഡിഎഫും കൊള്ളക്കാര്‍: രാജീവ് ചന്ദ്രശേഖര്‍

കഴിഞ്ഞ 11 വർഷമായി കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന വികസന നേട്ടങ്ങൾ കേരളത്തിലും യാഥാർഥ്യമാക്കാൻ എൻഡിഎയ്ക്ക് ഒരു അവസരം നൽകണമെന്ന് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ഇത് വെറുമൊരു തെരഞ്ഞെടുപ്പല്ല, മറിച്ച് കേരളത്തിന്‍റെ ഭാവി നിശ്ചയിക്കുന്ന പോരാട്ടമാണെന്നും അദേഹം കൂട്ടിച്ചേർത്തു.

‘എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ വീണ്ടും വോട്ട് ചോദിക്കുന്നത് നാണക്കേടാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമായി കേരളം മാറി. അതിനാൽ തന്നെ സിപിഎമ്മിന് മൂന്നാം തവണ ഭരണമുണ്ടാകാനുള്ള സാധ്യത വട്ടപ്പൂജ്യമാണ്. എൽഡിഎഫും യുഡിഎഫും കൊള്ളക്കാരാണ്’- എന്നും രാജീവ് ചന്ദ്രശേഖര്‍ പരിഹസിച്ചു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *