‘സ്ഥാനാർഥി നിർണയം ഒട്ടും വൈകിയിട്ടില്ല;സീറ്റിനായി വഴക്കിട്ടെന്ന വാര്‍ത്ത കേട്ട് ഞാനും കെസിയും ചിരിച്ചു: വിഡി സതീശന്‍

ചരിത്രത്തിലെ ഏറ്റവും വേഗത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരസ്പര വിശ്വാസം പ്രകടിപ്പിച്ചാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നത്. പണ്ടൊക്കെ എത്ര ദിവസമെടുത്താണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്. കേരളാ കോണ്‍ഗ്രസ് അടക്കം വിട്ടുവീഴ്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എകെജി സെന്ററില്‍ നിന്ന് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് പോലെയല്ല ഇത്. ആദ്യ ദിവസം മധുസൂദനന്‍ മിസ്ത്രിക്ക് സുഖമില്ലാതിരുന്നത് കൊണ്ട് നീണ്ടുപോയി. 48 മണിക്കൂര്‍ കൊണ്ട് തീരുമാനമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കേരളത്തിലെ നേതാക്കള്‍ മത്സരിക്കുന്ന കാര്യം തീരുമാനിക്കുന്നത് അഖിലേന്ത്യാ നേതൃത്വമാണ്. ഡല്‍ഹിയില്‍ തീരുമാനമെടുക്കാതെ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസില്‍ കുഴപ്പമുണ്ടെന്ന് കാണിക്കാന്‍ വാര്‍ത്തകള്‍ നല്‍കുകയാണ്. മാധ്യമങ്ങള്‍ കാണിച്ചത് മര്യാദകേടാണ്. താന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെയ്ക്കും എന്ന് വരെ വാര്‍ത്ത വന്നു. അടിസ്ഥാനമുള്ള വാര്‍ത്തകളായിരുന്നില്ല ഒന്നും. കോണ്‍ഗ്രസിനോട് ഇത്ര ക്രൂരത കാണിക്കരുതെന്നും വി ഡി സതീശന്‍ പറഞ്ഞു. 100ലധികം സീറ്റുമായി അധികാരത്തില്‍ വരും.

ഒരു നുണ ബോംബുകള്‍ക്കും യുഡിഎഫിനെ തകര്‍ക്കാനാവില്ല. എംപിമാര്‍ മത്സരിക്കണോ എന്നതില്‍ തീരുമാനമെടുത്തത് ദേശീയ നേതൃത്വമാണ്. സുധാകരന്‍ പറഞ്ഞത് പാര്‍ട്ടിയാണ് വലുത് എന്നത് മാത്രമാണ്. കൊച്ചി സീറ്റിലെ തര്‍ക്കം എന്ന വാര്‍ത്ത വന്നപ്പോള്‍ താനും കെസിയും ചിരിച്ചു. സ്ഥാനാര്‍ഥി നിര്‍ണയം ഒട്ടും വൈകിയിട്ടില്ല. സീറ്റിന് അര്‍ഹതയുള്ളവരില്‍ ചിലര്‍ വൈകാരികമായി പ്രതികരിക്കും. പെരുമ്പാവൂരിലെ സ്ഥാനാര്‍ഥി നിര്‍ണയം ജയസാധ്യത പരിഗണിച്ചാണ്.
എല്‍ദോസ് നിന്നാല്‍ തോല്‍ക്കും എന്നല്ല അര്‍ത്ഥം. ചില സാമൂഹ്യ സമവാക്യങ്ങള്‍ പരിഗണിച്ചാണ് മാറ്റം. മറ്റൊരു സ്ഥാനാര്‍ഥി വന്നാല്‍ നന്നാവും എന്നത് കൊണ്ടുമാത്രമാണ് മാറ്റിയത്. എല്‍ദോസിനെതിരെ ഒരു ആക്ഷേപവുമില്ല’, പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *