ഇടപാടുകാർ കോളേജ് വിദ്യാർത്ഥികൾ, 37 ഗ്രാം എംഡിഎംഎയുമായി 18കാരിയും ആൺസുഹൃത്തും പിടിയിൽ

കൊച്ചി: എറണാകുളം കോതമംഗലത്ത് കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യാൻ എത്തിച്ച ലഹരി പിടികൂടി. ഇടുക്കി പീരുമേട് സ്വദേശിനിയായ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് എന്നിവരാണ് പിടിയിലായത്. കോളേജ് വിദ്യാർത്ഥികളെ മാത്രം കേന്ദ്രീകരിച്ചാണ് ഇവരുടെ ലഹരി വിൽപന.
ബംഗളൂരുവിൽ നിന്നാണ് പ്രതികൾ ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നത്. ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും പ്രതികളിൽ നിന്ന് എക്‌സൈസ് സംഘം കണ്ടെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. കുറഞ്ഞ വിലയ്ക്ക് ലഹരിമരുന്ന് വാങ്ങി നാട്ടിലെത്തിച്ച് വിദ്യാർഥികൾക്കും യുവാക്കൾക്കും വൻ വിലയ്ക്ക് വിൽക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നാണ് സൂചന. പ്രതികളുടെ ഫോൺ രേഖകൾ കേന്ദ്രീകരിച്ച് ലഹരി ശൃംഖലയിലെ മറ്റുള്ളവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



