സുധാകരൻ കടുത്ത തീരുമാനമെടുക്കുമോ? കോൺഗ്രസിൽ പൊട്ടിത്തെറി

തിരുവനന്തപുരം: കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ സീറ്റ് നിഷേധിച്ചതോടെ ഇടഞ്ഞ് കെ സുധാകരൻ. മത്സരിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിറകോട്ടില്ലെന്ന ഉറപ്പിച്ച കെ സുധാകരൻ നേതൃത്വം വിശദമായ ചർച്ചയ്ക്ക് വേദിയൊരുക്കണമെന്നാണ് ആവശ്യപ്പെടുന്നത്. സുധാകരന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിൽ സുധാകരൻ അനുകൂലികൾ പ്രകടനവുമായി കഴിഞ്ഞ ദിവസം തെരുവിലറങ്ങിയിരുന്നു. കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരിൽ സുധാകരൻ അനുകൂല ഫ്ളക്സ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

എംപിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന കടുത്ത നിലപാട് കോൺഗ്രസ് ഹൈക്കമാൻഡ് സ്വീകരിച്ചതോടെയാണ് കെ സുധാകരന് സീറ്റ് നിഷേധിച്ചത്. ഇന്ന് രാവിലെ സ്‌ക്രീനിംഗ് കമ്മിറ്റി യോഗവും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗവും ചേർന്ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് കോൺഗ്രസിന്റെ നീക്കം. കെ സുധാകരൻ താൽപര്യപ്പെടുന്ന കണ്ണൂരും അടൂർ പ്രകാശിന് താൽപര്യമുള്ള കോന്നി മണ്ഡലവും ഒഴിച്ചിട്ടാണ് ഇന്നലെ കോൺഗ്രസ് ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്.

ഇതിനിടെ സുധാകരനെ അനുനയിപ്പിക്കാൻ കെസി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ രംഗത്തുണ്ട്. ഇന്നലെ രാത്രി ഇരുവരും തമ്മിൽ സംസാരിച്ചതായാണ് വിവരം. കടുത്ത തീരുമാനങ്ങളിലേക്ക് കടക്കരുതെന്ന് സുധാകരനോട് മുതിർന്ന നേതാക്കൾ അഭ്യർത്ഥിച്ചതായാണ് വിവരം. ഇന്ന് കെ സുധാകരൻ മാദ്ധ്യമങ്ങളെ കാണുമെന്നാണ് സൂചന. ഇന്ന് രാവിലെ എംകെ രാഘവൻ സുധാകരനുമായി കൂടിക്കാഴ്ച നടത്താൻ അദ്ദേഹത്തിന്റെ ഫ്ളാറ്റിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇത് അനുനയിപ്പിക്കാനാണോ ഐക്യദാർണ്ഡ്യം പ്രഖ്യാപിക്കാനാണോ എന്നതിൽ വ്യക്തതയില്ല.

കോഴിക്കോട് നോർത്ത്, എലത്തൂർ എന്നീ മണ്ഡലങ്ങളിൽ മത്സരിക്കാൻ എംകെ രാഘവൻ ആദ്യഘട്ടത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു. തന്നെ പരിഗണിച്ചില്ലെങ്കിൽ തന്റെ നോമിനികളെ പരിഗണിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. ഇക്കാര്യം പരിഗണിക്കാത്തതിൽ എംകെ രാഘവന് അതൃപ്തിയുണ്ട്. തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിൽ തന്റെ ഭാഗം കേട്ടില്ലെന്ന് ആരോപിച്ച് പ്രവർത്തക സമിതി അംഗം കൂടിയായ ശശി തരൂരിനും അതൃപ്തിയുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കൂടുതൽ എംപിമാർ ഇനിയും അതൃപ്തിയുമായി രംഗത്തെത്തിയേക്കുമെന്നാണ് കരുതുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *