ദുബായിലെ സാമ്പത്തിക കേന്ദ്രത്തിൽ സ്‌ഫോടനശബ്ദം; കെട്ടിടങ്ങൾ കുലുങ്ങി

ദുബായ്: പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം 14ാം ദിവസത്തിലേക്ക് കടക്കവെ ദുബായിയുടെ ഹൃദയഭാഗത്ത് സ്‌ഫോടന ശബ്ദം. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. രാവിലെ ഉണ്ടായ സംഭവത്തെ തുടർന്ന് നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ കറുത്ത പുക ഉയർന്നതായും കെട്ടിടങ്ങൾക്ക് കുലുക്കം അനുഭവപ്പെട്ടതായുമാണ് റിപ്പോർട്ടുകൾ.
ഗൾഫ് രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളെ ആക്രമിക്കുമെന്ന് ഇറാൻ കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പത്തിക കേന്ദ്രമായ ഡിഐഎഫ്സിക്ക് സമീപം സ്‌ഫോടനമുണ്ടായത്. ദുബായ് എയർപോർട്ട്, പോർട്ട്, പാം ജുമൈറ തുടങ്ങിയ പ്രധാന ഇടങ്ങളെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസങ്ങളിലും ആക്രമണങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.എന്നാൽ, ഇത് സ്‌ഫോടനമല്ലെന്നാണ് ദുബായ് അധികൃതർ വ്യക്തമാക്കുന്നത്.
ഇറാൻ തൊടുത്തുവിട്ട മിസൈലോ ഡ്രോണോ തകർത്തപ്പോൾ ഉണ്ടായ അവശിഷ്ടങ്ങൾ കെട്ടിടത്തിന് മുകളിൽ പതിച്ചതാണെന്നും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.ഫെബ്രുവരി 28ന് ഇറാനിൽ ആരംഭിച്ച യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണമാണ് നിലവിലെ സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. യുഎസ് സൈനിക താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങളെയും ഇസ്രയേലിനെയും ലക്ഷ്യമിട്ട് ഇറാൻ തിരിച്ചടി തുടരുകയാണ്. മദ്ധ്യേഷ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് നിരവധി വിദേശ കമ്പനികൾ തങ്ങളുടെ ജീവനക്കാരെ മേഖലയിൽ നിന്ന് താല്ക്കാലികമായി മാറ്റിക്കൊണ്ടിരിക്കുകയാണ്.



