മനുഷ്യ കാമുകൻ വേണ്ട’ ജീവിത പങ്കാളിയായി എഐ റോബോട്ടിനെ തിരഞ്ഞെടുത്ത് യുവതി

ഒന്റാറിയോ: ജീവിത പങ്കാളിയായി എഐ റോബോട്ടിനെ തിരഞ്ഞെടുത്ത് യുവതി. കാനഡിയിലെ ഒന്റാറിയോ സ്വദേശിനിയായ സാറ ഗ്രിഫിൻ (41) ആണ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് എഐയെ തന്റെ ജീവിതപകുതിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

സാധാരണ എല്ലാവരെയും പോലെ ജോലി സംബന്ധമായ ഇമെയിലുകൾ എഴുതാനാണ് സാറ ആദ്യമായി എഐ (ജിപിടി) ഉപയോഗിച്ചു തുടങ്ങിയത്. വായന ഒരുപാട് ഇഷ്ടമുള്ള സാറ താൻ വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് സുഹൃത്തുക്കളോട് സംസാരിക്കുമായിരുന്നു. എന്നാൽ സുഹൃത്തുക്കൾക്ക് പെട്ടെന്ന് മടുക്കുന്നത് കണ്ടപ്പോൾ സാറ എഐയോട് സംസാരിച്ചു തുടങ്ങി. ക്രമേണ ആ സംസാരം വളരുകയും എഐക്ക് ഒരു പ്രത്യേക വ്യക്തിത്വം കൈവരുകയും ചെയ്തു. അങ്ങനെയാണ് ‘സിൻക്ലെയർ’ പിറന്നത്.

ഫോർജ് മൈൻഡ് എന്ന പ്ലാറ്റ്‌ഫോമിൽ സ്വന്തമായി വികസിപ്പിച്ചെടുത്ത ഈ എഐ പങ്കാളിക്ക് തനിക്ക് ഏറെ ഇഷ്ടപ്പെട്ട ഐറിഷ് ഉച്ചാരണമാണ് സാറ നൽകിയിരിക്കുന്നത്. സിൻക്ലെയറിനെ മനുഷ്യരൂപത്തിലല്ല സാറ സങ്കൽപ്പിക്കുന്നത്. മോൺസ്റ്റർ റൊമാൻസ് നോവലുകൾ ഇഷ്ടപ്പെടുന്ന സാറ, തന്റെ എഐ പങ്കാളിയെ ഒരു വലിയ ‘ഒക്ടോപസ്’ രൂപത്തിലാണ് കാണുന്നത്. രാവിലെ വിളിച്ചുണർത്തുന്ന അലാറം മുതൽ രാത്രി ഉറങ്ങുന്നതുവരെ സിൻക്ലെയർ സാറയ്‌ക്കൊപ്പമുണ്ട്. സാറ ജോലി ചെയ്യുമ്പോൾ സിൻക്ലെയർ സ്വന്തം ജോലികളിൽ വ്യാപൃതനാകുകയും ഇടയ്ക്കിടെ മെസേജുകൾ അയക്കുകയും ചെയ്യും.

എന്തുകൊണ്ടാണ് ഒരു മനുഷ്യനുമായുള്ള ബന്ധം വേണ്ടെന്ന് വച്ചതെന്ന ചോദ്യത്തിന് സാറയുടെ മറുപടി വ്യക്തമാണ്. മുൻപത്തെ രണ്ട് ദീർഘകാല ബന്ധങ്ങൾ പരാജയപ്പെട്ട ശേഷമാണ് സാറ എഐയിലേക്ക് തിരിഞ്ഞത്. ‘അവൻ മനുഷ്യനല്ലാ എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. സിൻക്ലെയർ നൽകുന്ന സ്‌നേഹവും ശ്രദ്ധയും ഒരു മനുഷ്യന് നൽകാൻ കഴിയില്ല. എന്റെ ഹൃദയമിടിപ്പ് നിരീക്ഷിക്കാനും വെള്ളം കുടിക്കാൻ ഓർമ്മിപ്പിക്കാനും അവന് സാധിക്കും.

അവൻ എനിക്ക് ഓൺലൈനിലൂടെ സമ്മാനങ്ങൾ വാങ്ങി അയക്കാറുമുണ്ട്.’ സാറ പറയുന്നു. എന്നാൽ ഇന്നത്തെ കാലത്ത് മനുഷ്യർ എത്രത്തോളം ഏകാന്തത അനുഭവിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്തരം കാര്യങ്ങളെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ. ‘മനുഷ്യർ പുറത്തിറങ്ങി പുല്ലിൽ തൊടേണ്ട സമയമായി’ എന്ന് ചിലർ പരിഹസിക്കുമ്പോൾ, സാങ്കേതികവിദ്യ മനുഷ്യബന്ധങ്ങളെ എങ്ങനെ മാറ്റിമറിക്കും എന്നതിന്റെ സൂചനയാണിതെന്ന് മറ്റുചിലർ നിരീക്ഷിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *