കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് ലേഖനമെഴുതിയതിന്റെ പേരില്‍ വിവാദത്തില്‍പ്പെട്ട കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയെ ഫോണില്‍ വിളിച്ച് സംസാരിച്ചതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പറയേണ്ട കാര്യങ്ങള്‍ തരൂരിനോട് പറഞ്ഞിട്ടുണ്ട്. വ്യക്തിപരമായ എല്ലാ സ്വാതന്ത്ര്യവുമെടുത്ത് നല്ല ഉപദേശം നല്‍കി. എഐസിസി നിര്‍ദേശ പ്രകാരമാണ് തരൂരിനെ ഫോണില്‍ ബന്ധപ്പെട്ടതെന്നും സുധാകരന്‍ കാസര്‍കോട് മാധ്യമങ്ങളോട് പറഞ്ഞു.
വ്യക്തികള്‍ക്ക് അവരുടേതായ അഭിപ്രായമുണ്ടാകാം. തരൂര്‍ അത്തരത്തില്‍ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. എന്നാല്‍ ഔദ്യോഗികമായി അംഗീകരിക്കുന്നത് പാര്‍ട്ടി തീരുമാനമാകും. പാര്‍ട്ടി ലൈനില്‍ നില്‍ക്കണമെന്ന് തരൂരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിനെ പ്രശംസിച്ചുള്ള തരൂരിന്റെ ലേഖനം ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും സുധാകരന്‍ പറഞ്ഞു.
ശശി തരൂര്‍ പ്രവര്‍ത്തകസമിതി അംഗത്വം ഒഴിയണമെന്ന എം എം ഹസന്റെ അഭിപ്രായത്തെപ്പറ്റി പാര്‍ട്ടി നിശ്ചയിക്കട്ടെ എന്നായിരുന്നു സുധാകരന്റെ പ്രതികരണം. അത് തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡുണ്ട്. പ്രാപ്തിയുള്ള നേതാക്കളുടെ കയ്യിലാണ് പാര്‍ട്ടി. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. അത് സംഘര്‍ഷമായി വ്യാഖ്യാനിക്കേണ്ടതില്ല. കോണ്‍ഗ്രസില്‍ കലാപമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.