റിതാല മേഖലയിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 17കാരി കൊല്ലപ്പെട്ടു

ന്യൂഡൽഹി: റിതാല മേഖലയിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 17കാരി കൊല്ലപ്പെട്ടു. നൂറോളം കുടിലുകൾക്ക് തീപിടിച്ചു. പുലർച്ചെ 4.15നാണ് തീപിടിത്തത്തെക്കുറിച്ച് അഗ്നിരക്ഷാസേനയ്‌ക്ക് വിവരം ലഭിച്ചത്. മരിച്ച പെൺകുട്ടിയെ കാണാതായതായി ആദ്യമേ വിവരമുണ്ടായിരുന്നു. തീ നിയന്ത്രണവിധേയമാക്കിയ ശേഷം നടത്തിയ തെരച്ചിലിലാണ് പൊള്ളലേറ്റ് മരിച്ചനിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്.

ചേരിയിൽ അടുത്തടുത്ത നിലയിലാണ് കുടിലുകൾ സ്ഥാപിച്ചിരുന്നത്. അതിനാൽ വളരെ വേഗം തീ പടരുകയായിരുന്നു. ബീഹാർ, ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. സമീപത്തുള്ള ഫാക്‌ടറികളിലും കെട്ടിട നിർമാണ രംഗത്തും ചെറിയ കടകളിലുമായാണ് ഇവർ ജോലി ചെയ്‌തിരുന്നത്.

ഡൽഹി അഗ്നിരക്ഷാ സേനയുടെ 18 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി ആറരയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അഗ്നിരക്ഷാ സേനയ്‌ക്കൊപ്പം പൊലീസും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിരുന്നു.കുടിലുകളിൽ മാത്രമല്ല, സമീപത്തുള്ള പേപ്പർ റോളിന്റെയും കാർഡ്‌ബോർഡിന്റെയും ഗോഡൗണിലേക്കും തീ പടർന്നു. പിന്നാലെ സമീപത്തെ ചില ഫ്ലാറ്റുകളുടെ വാതിലുകളിലേക്കും ജനാലകളിലേക്കും തീ വ്യാപിച്ചുവെന്നും അഗ്നിരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *